ഉറുദുവും ഹിന്ദിയും മറാഠിയും ഒരേ ഭാഷാ ഗോത്രം, ഭിന്നിപ്പിന് ശ്രമിച്ചത് കൊളോണിയൽ ശക്തികൾ: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉറുദു ഭാഷ ജനിച്ചത് ഇന്ത്യയില്‍ ആണെന്ന് മറക്കരുതെന്ന് സുപ്രീം കോടതി. അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും കോടതി ചൂണ്ടികാട്ടി. മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലെ സൈന്‍ ബോര്‍ഡില്‍ ഉറുദു ഭാഷ ഉപയോഗിക്കുന്നതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് നിരീക്ഷണം. ഭാഷ സംസ്‌കാരം ആണെന്നും അത് ജനങ്ങളെ വിഭജിക്കാനായി ഉപയോഗിക്കുന്നത് തെറ്റാണെന്നും സുപ്രീംകോടതി പറഞ്ഞു.
ഭരണഘടനയില്‍ മറാഠിക്കും ഉറുദുവിനും ഒരേ സ്ഥാനമാണ് ഉള്ളതെന്ന് സുപ്രീംകോടതി ഹരജിക്കാനെ ഓർമ്മപ്പെടുത്തി. കൊളോണിയല്‍ ശക്തികളാണ് മതഭിന്നത ഉണ്ടാക്കാൻ വേണ്ടി ഉറുദുവിനേയും ഹിന്ദിയേയും മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിച്ചത് . ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയെന്നും ഉറുദു മുസ്ലിങ്ങളുടെ ഭാഷയെന്നും പ്രചരിപ്പിക്കപ്പെട്ടത് അവരുടെ വിഭജന തന്ത്രമാണ്.
ബ്രിട്ടീഷുകാർ നടത്തിയ ഈ വിഭജനം യാഥാര്‍ത്ഥ്യം അല്ലെന്ന് ജസ്റ്റിസ് മാരായ സുധാന്‍ഷു ധുലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. പേര്‍ഷ്യൻ ഭാഷയുമായി സാമ്യമുള്ള ഉറുദു വിദേശ ഭാഷ ആണെന്ന കാഴ്ചപ്പാട് പ്രചരിപ്പിക്കകയാണ്. എന്നാല്‍ ഇത് തെറ്റാണ്. ഹിന്ദിയും, മറാഠിയും പോലെ ഇന്‍ഡോ ആര്യന്‍ ഭാഷാഗോത്രത്തിൽ ഉൾപ്പെട്ടതാണ് ഉറുദുവും. മാത്രമല്ല അത് ഇന്ത്യയില്‍ ജനിച്ച ഭാഷ ആണെന്നും കോടതി വ്യക്തമാക്കി. ഇതര ഭാഷകളിലും ഇന്ത്യൻ നീതിന്യായ വ്യവഹാരങ്ങളിലും യഥേഷ്ടം ഉറുദു വാക്കുകൾ ഉണ്ടെന്ന് കോടതി ഉദാഹരണ സഹിതം ചൂണ്ടികാട്ടി.
മഹാരാഷ്ട്രയിലെ പാടൂർ മുനിസിപ്പൽ കെട്ടിടത്തിലെ ഉറുദു ബോര്‍ഡുകള്‍ക്ക് എതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി. മുന്‍ കൗണ്‍സിലർ വര്‍ഷാതായ് സഞ്ജയ് ബഗാഡെയാണ് ഉറുദു ബോര്‍ഡുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. 2020 മുതൽ തുടരുന്ന കേസാണ്. നഗരസഭ ആവശ്യം തള്ളിയതോടെ കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഇതേ വിശദീകരണങ്ങളോടെ ഹർജി തള്ളി. തുടർന്ന് സുപ്രീം കോടതിയെ സമീപിക്കയായിരുന്നു.









0 comments