യുപിയിൽ ഭർത്താവിനെ കഴുത്തുഞെരിച്ച് കൊന്നു; ഭാര്യ അറസ്റ്റിൽ

രാംപൂർ: ഉത്തർപ്രദേശിലെ രാംപൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. ബിലാസ്പുർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടിയ ഖുർദ് ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മക്കളുടെ പങ്ക് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വിജേന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. തന്റെ അനുവാദമില്ലാതെ ഭാര്യയും മക്കളും പലകാര്യങ്ങളിലും ഏർപ്പെടുന്നു എന്നാരോപിച്ച് വിജേന്ദ്ര വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇവരുടെ വീട്ടിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി വിജേന്ദ്രയുടെ സഹോദരൻ ജോഗീന്ദർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മരണത്തിന് രണ്ട് ദിവസം മുമ്പ് ഇവർ തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നത്. വിജേന്ദ്രയുടെ കൈകളും കാലുകളും കെട്ടിയിട്ട്, വയറ്റിൽ കയർ മുറുക്കി കൊലപ്പെടുത്തിയ നിലയിലാണ് അടുത്ത ദിവസം രാവിലെ കണ്ടതെന്ന് സഹോദരൻ പൊലീസിനെ അറിയിച്ചു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ കഴുത്തുഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. ഭാര്യയെ ചോദ്യം ചെയ്തപ്പോൾ ഭർത്താവിനെ കൊലപ്പെടുത്തിയതായി ഇവർ കുറ്റസമ്മതം നടത്തി. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പെൺമക്കളുടെ പങ്ക് സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്ന് രാംപൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അനുരാഗ് സിംഗ് അറിയിച്ചു.









0 comments