പൊലീസിന്റെ ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്
തെലങ്കാനയിൽ കോൺഗ്രസിന്റെ റിയൽ എസ്‌റ്റേറ്റ് കൊള്ള; ഹൈദരാബാദ് സര്‍വകലാശാല ഭൂമി വന്‍കിട കമ്പനികള്‍ക്ക് തീറെഴുതാന്‍ നീക്കം

ടി എസ് ശ്രുതി
Published on Mar 31, 2025, 08:39 PM | 2 min read
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയോട് ചേര്‍ന്നുള്ള നാനൂറ് ഏക്കറോളം ഭൂമി ഏറ്റെടുത്ത് വന്‍കിട കമ്പനികള്‍ക്ക് കൈമാറാനുള്ള തെലങ്കാനയിലെ കോൺഗ്രസ് സര്‍ക്കാര്‍ നീക്കത്തിൽ വന്‍ പ്രതിഷേധം. കഴിഞ്ഞ ദിവസം ഉഗാദി ഉത്സവം നടക്കുന്നതിനിടെയായിരുന്നു പൊലീസിന്റെ അകമ്പടിയോടെ അധികൃതർ ബുൾഡോസറുമായെത്തിയത്. ഉത്സവമായതിനാലും ഞായറാഴ്‌ചയായതിനാലും കോടതിയവധിയായിരുന്നു. മൾട്ടി-ഇൻഫ്രാസ്ട്രക്ചർ, ഐടി പാർക്കുകൾ എന്നിവ വികസിപ്പിക്കുന്നതിനാണ് സർവകലാശാലയോട് ചേർന്ന ജൈവവൈവിധ്യമേഖല തെലങ്കാന സർക്കാർ ലേലം ചെയ്യുന്നത്. മാർച്ച് 12 മുതൽ സർവകലശാലയിൽ സർക്കാരിന്റെ ഭൂമികൈമാറ്റത്തിനെതിരെ ഇടതുപക്ഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുകയാണ്.
സര്‍വകലാശാലയോട് ചേര്‍ന്നുള്ള ഭൂമിയിൽ ബുൾഡോസറുകൾ
കാടുവെട്ടിത്തെളിക്കാനുള്ള നീക്കം ചെറുത്ത മലയാളികളടക്കമുള്ള വിദ്യാര്‍ഥികളെ പൊലീസ് മര്‍ദിക്കുകയും കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ നവമി, അഭിനന്ദ്, ഗൗതം, ദേബശ്രീത, സുഭാഷിണി, ആഷിക, ഋഷികേശ്, ആകാശ്, പവൻ എന്നീ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാര്‍ഥി യൂണിയന്‍ ജനറൽ സെക്രട്ടറി നിഹാദ്, എസ്എഫ്ഐ പ്രസിഡന്റ് ലെനിന്‍, സെക്രട്ടറി പങ്കജ്, ജോയിന്റ് സെക്രട്ടറി സുഭാഷിണി തുടങ്ങി മുപ്പതിലേറെ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. എസ്‌എഫ്‌ഐ മുൻ നേതാവ് എറം നവീനിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. സര്‍വകലാശാല അധികൃതരുടെ സമ്മതത്തോടുകൂടിയാണ് സർവകലാശാലയിലേക്ക് ബുൾഡോസറും പൊലീസും ടിജിഐഐസിയുടെ ഉദ്യോഗസ്ഥരും പ്രവേശിച്ചത്.
സർവകലാശാലയ്ക്കകത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. പ്രതിഷേധത്തെ അടിച്ചമർത്താൻ യൂണിവേഴ്‌സിറ്റിയുടെ മുക്കിലും മൂലയിലും പൊലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ. അതിന് യൂണിവേഴ്‌സിറ്റി അധികാരികളുടെ മൗനസമ്മതവുമുണ്ട്. സംസ്ഥാനസർക്കാരുമായി ഒരുപ്രശ്‌നത്തിന് താൽപര്യമില്ലെന്നായിരുന്നു പ്രതിഷേധം ആരംഭിച്ചത് മുതലേ സർവകലാശാല അധികൃതരുടെ സമീപനം. കഴിഞ്ഞ ദിവസം വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തപ്പോഴും പൊലീസ് അനുകൂല നിലപാടായിരുന്നു സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത്.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ലെനിന്‍
220 തരം പക്ഷികളടക്കമുള്ളവയുടെ ആവാസമേഖലയായ കാഞ്ച ഗച്ചിബൗളിയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കണമെന്ന് പരിസ്ഥിതി പ്രവറത്തകർ പൊതുതാത്‌പര്യ ഹർജി നൽകിയിരുന്നു. ഏപ്രിൽ 7 ന് കോടതി ഹർജി പരിഗണിക്കാനിരിക്കയായിരുന്നു സർക്കാരിന്റെ നീക്കം.
ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സർക്കാർ സർവേ നടത്തിയിട്ടില്ലെന്ന് സംഭവത്തിൽ ഹൈദരാബാദ് സർവകലാശാലയും വ്യക്തമാക്കി. എന്നാൽ മാർച്ച് ആദ്യത്തിൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്ന് ഭൂമികയ്യേറാനുള്ള ശ്രമമുണ്ടായപ്പോൾ സർവകലാശാല അധികൃതർ അതിനെതിരായി ഒന്നും ചെയ്‌തില്ല. 500 വിദ്യാർഥികളെയും വർക്കേഴ്‌സ് യൂണിയനെയുംഅധ്യാപക അനധ്യാപക സംഘടനകളെയുമെല്ലാം ചേർത്ത് ജോയിന്റ് ആക്ഷൻ കമ്മിറ്റി(ജെഎസി) രൂപീകരിച്ചു. എസ്‌എഫ്‌ഐ ഭാഗമായിട്ടുള്ള വിദ്യാർഥിയൂണിയന്റെയും ജെഎസിയുടെയും നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചു. എന്നാൽ ആ സമയത്തും യൂണിവേഴ്‌സിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു അനുകൂല സമീപനവുമുണ്ടായില്ല. സംഭവത്തിൽ യൂണിവേഴ്‌സിറ്റി തങ്ങളുടെ നിലപാടും വ്യക്തമാക്കിയിരുന്നില്ല. ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗൺസിലും വൈസ് ചാൻസലറുംചേർന്ന യോഗത്തിൽ തീരുമാനമെടുക്കാമെന്ന് ഉറപ്പ് നൽകി. മീറ്റിങ്ങ് കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ മിനുട്ട്‌സ് പുറത്തിറക്കും എന്ന് യൂണിവേഴ്‌സിറ്റി ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് ആ ഉറപ്പും കാറ്റിൽ പറത്തുന്ന സമീപനമാണ് സർവകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മാർച്ച് ആദ്യം ഈ വിഷയത്തിൽ യൂണിവേഴ്‌സിറ്റി പുറത്തിറക്കാമെന്ന് ഉറപ്പ് നൽകിയ പ്രസ്‌താവനയാണ് മൂന്നാഴ്‌ചയോളം വൈകിപ്പിച്ച് ഞായറാഴ്‌ച പുറത്തിറക്കിയത്.
ഹൈദരാബാദ് സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പ്
ഭൂപ്രകൃതിയുടെ പ്രാഥമിക പരിശോധന മാത്രമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഏക നടപടി. സർവകലാശാലയിലെ ജൈവവൈവിധ്യമേഖല സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുമെന്നുമാണ് സർവകലാശാല പ്രസ്‌താവനയിൽ പറഞ്ഞത്. "അവിടെ മാനും കടുവയും ഇല്ല. വികസനം തടയുന്ന സൂത്രശാലികളായ കുറക്കന്‍മാര്‍ മാത്രമാണുള്ളതെന്ന്' രേവന്ത് റെഡ്ഡി പരിഹസിച്ചതോടെയാണ് പ്രതിഷേധം വീണ്ടും ശക്തമായത്.
കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ രേവന്ത് റെഡ്ഡിയുടെ കോലം കത്തിച്ചിരുന്നു.
വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് ഭൂമികൈമാറുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെയും ഇതിന് ഒത്താശചെയ്യുന്ന സർവകലാശാലയുടെ സമീപനത്തിനെതിരെയും വിദ്യാർഥിയൂണിയന്റെ നേതൃത്വത്തിൽ തിങ്കൾ മുതൽ വീണ്ടും പ്രതിഷേധം ആരംഭിക്കുകയാണ്.









0 comments