print edition ഏകീകൃത പെൻഷൻ പദ്ധതി സ്വീകരിക്കാതെ കേന്ദ്രജീവനക്കാർ ; പഴയ പെൻഷൻ പദ്ധതിക്കായി ആവശ്യം ശക്തം

ന്യൂഡൽഹി : കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവന്ന ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് (യുപിഎസ്) മാറാൻ കേന്ദ്രസർക്കാർ ജീവനക്കാർക്ക് മടി. പഴയ പെൻഷൻ പദ്ധതിക്ക് (ഒപിഎസ്) പകരമായി കേന്ദ്രം ആവിഷ്കരിച്ച പെൻഷൻ സംവിധാനത്തില്‍ (എൻപിഎസ്) 23.93 ലക്ഷം ജീവനക്കാരാണുള്ളത്. എൻപിഎസിന് പകരം കൊണ്ടുവന്ന യുപിഎസിലേക്ക് സെപ്‌തംബർ 30 വരെ 4.5 ശതമാനം പേർ (1.11 ലക്ഷം) മാത്രമാണ് മാറിയത്. കഴിഞ്ഞ ഏപ്രിലില്‍ നിലവിൽ വന്ന യുപിഎസും ആകർഷകമല്ലെന്നാണ് ഭൂരിഭാഗം ജീവനക്കാരുടെയും നിലപാട്. ജീവനക്കാർ ചേരാന്‍ വിമുഖരായതോടെ ജൂൺ 30 വരെ നൽകിയ സമയപരിധി രണ്ടുവട്ടം നീട്ടി. നിലവിൽ നവംബർ 30 വരെയാണ് കാലാവധി.
പഴയ പെൻഷൻ പദ്ധതിപ്രകാരം വിരമിക്കുന്ന ജീവനക്കാർക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കുമായിരുന്നു. 2004ൽ വാജ്പേയ് നേതൃത്വത്തിലുള്ള എന്‍ഡിഎ സർക്കാരാണ് ഒപിഎസ് അവസാനിപ്പിച്ച് എൻപിഎസിന് തുടക്കമിട്ടത്. എൻപിഎസ് പ്രകാരം ജീവനക്കാരിൽനിന്ന് പിടിക്കുന്ന തുകയും ഒപ്പം സർക്കാർ വിഹിതവും വിപണിയിൽ നിക്ഷേപിക്കും. ഇതിൽ നിന്നുള്ള വരുമാനത്തിന് അനുസൃതമായാണ് വിരമിക്കുമ്പോൾ പെൻഷൻ ലഭിക്കുക. എൻപിഎസ് പ്രകാരമുള്ള പെൻഷൻ തുച്ഛമാണെന്ന് ചൂണ്ടിക്കാട്ടി ഒപിഎസ് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ജീവനക്കാർ ശക്തിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് യുപിഎസ് എന്ന പുതിയ പദ്ധതി മോദി സർക്കാർ കൊണ്ടുവന്നത്. ഇതുപ്രകാരം വിരമിക്കുന്നതിന് മുമ്പുള്ള 12 മാസകാലത്തെ ശരാശരി ശമ്പളത്തിന്റെ പകുതി 25 വർഷം സർവീസുള്ളവർക്ക് പെൻഷനായി ലഭിക്കും. സർവീസ് കാലയളവ് കുറയുംതോറും പെൻഷനും കുറയും.
യുപിഎസ് ആകർഷകമല്ലാത്തതിനാല്‍ ഒപിഎസ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ അറിയിച്ചു. നവംബർ ഒമ്പതിന് ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിക്കുമെന്ന് ജനറൽ സെക്രട്ടറി മൻജീത് സിങ് പട്ടേൽ അറിയിച്ചു.









0 comments