വഖഫ് ഭേദഗതിക്കെതിരെ പ്രതിഷേധം: പശ്ചിമ ബംഗാളിൽ 2 മരണം

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ പ്രതിഷേത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രതിഷേധം നടക്കുന്ന സാംസർഗഞ്ച് പ്രദേശത്തുള്ള ജാഫ്രാബാദിലെ വീടിനുള്ളിൽ അച്ഛനെയും മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. സാംസർഗഞ്ച് ബ്ലോക്കിലെ ധുലിയനിൽ ശനി രാവിലെ മറ്റൊരാൾക്ക് വെടിയേറ്റതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജില്ലയിലെ സുതി, സംസർഗഞ്ച് പ്രദേശങ്ങളിൽ വെള്ളിയാഴ്ച വലിയ തോതിലുള്ള അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിൽ 110 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. നിരവധി വാഹനങ്ങൾകക് തീയിട്ടു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗനാസ്, ഹൂഗ്ലീ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതൽ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട 70 പേരെ സൂതിയിൽ നിന്നും 40 പേരെ സംസേർഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മുർഷിദാബാദിൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും ഇന്റർനെറ്റും നിരോധിച്ചു. പ്രതിഷേധക്കാർക്കുനേരെ പൊലീസ് നടത്തിയ ആക്രമണത്തിൽ കൗമാരക്കാരന് പരിക്കേറ്റതായും വിവരമുണ്ട്.
മതസ്വാതന്ത്ര്യം കവർന്ന് വഖഫ് സ്വത്തുക്കൾ കൈയടക്കാൻ ലക്ഷ്യമിട്ടുള്ള വഖഫ് നിയമ ഭേദഗതി ഏപ്രിൽ എട്ടിനാണ് പ്രാബല്യത്തിൽ വന്നത്. ഏപ്രിൽ നാലിന് ലോക്‌സഭയും രാജ്യസഭയും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെയും അംഗീകാരം ലഭിച്ചിരുന്നു. പ്രതിപക്ഷ സംഘടനകളുടെ കടുത്ത എതിർപ്പിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയത്. വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ പന്ത്രണ്ടോളം ഹർജികളെത്തിയിരുന്നു. ഏപ്രിൽ പതിനാറിനാകും കോടതി ഹർജി പരിഗണിക്കുക. ഹർജികൾക്കെതിരെ കേന്ദ്രം തടസ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറച്ച് സ്വയംഭരണാവകാശം ഇല്ലാതാക്കുന്ന ബിൽ ഏപ്രിൽ പകൽ 12ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് അവതരിപ്പിച്ചത്. വഖഫ് സ്വത്തുവകകളുടെ ക്രയവിക്രയം, വഖഫ് കൗൺസിലിന്റെയും ബോർഡിന്റെയും അധികാരം, ചുമതല എന്നിവയെല്ലാം മാറ്റി എഴുതുന്നതാണ് പുതിയ ബില്ല്.









0 comments