ആറ് കോടി രൂപയുടെ സ്റ്റോക് മാർക്കറ്റ് തട്ടിപ്പ്; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : കോടിക്കണക്കിന് രൂപയുടെ സ്റ്റോക് മാർക്കറ്റ് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പ്രതികൾ പൊലീസിന്റെ പിടിയിലായി. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സംഘടിത സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി കോടിക്കണക്കിന് രൂപയുടെ ഓഹരി വിപണി തട്ടിപ്പിന് സൗകര്യമൊരുക്കിയ കേസിലാണ് കുൽവന്ത് സിംഗ്, ദേവേന്ദർ സിംഗ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ നിക്ഷേപ പദ്ധതികളിലൂടെ തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണം വെളുപ്പിക്കുന്നതിനായി ഇവർ സ്വന്തം ബാങ്ക് അക്കൗണ്ടുകൾ നൽകിയതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഐപിഒ ഫണ്ടിംഗും ഉയർന്ന വരുമാനമുള്ള ഓഹരി വിപണി അവസരങ്ങളും വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്.
ഇരകളെ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ പ്രേരിപ്പിച്ചു. ഈ രീതി ഉപയോഗിച്ച് ഏകദേശം 6 കോടി രൂപ തട്ടിയെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രൈം ബ്രാഞ്ച്) ആദിത്യ ഗൗതം പറഞ്ഞു. ഇതിൽ 20 ലക്ഷം രൂപയുടെ ഒരു എൻജിഒയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റി. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻസിആർപി) സമർപ്പിച്ച 10 പരാതികളുമായി ഈ അക്കൗണ്ട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതി ഒരു എൻജിഒയുടെ പേരിൽ ട്രസ്റ്റ് രജിസ്റ്റർ ചെയ്തതായും ഉടമസ്ഥാവകാശം മറച്ചുവെക്കാൻ കറന്റ് അക്കൗണ്ടുകൾ തുറന്നതായും കണ്ടെത്തി. പിന്നീട് ഈ അക്കൗണ്ടുകൾ സൈബർ തട്ടിപ്പ് സിൻഡിക്കേറ്റുകൾക്ക് കൈമാറി- ഡിസിപി പറഞ്ഞു. ചെക്ക് ബുക്കുകൾ, എടിഎം കാർഡുകൾ, സിം കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ് ക്രെഡൻഷ്യലുകൾ എന്നിവ നൽകിയും തട്ടിപ്പിന് അവസരമൊരുക്കി. പകരമായി അവർക്ക് പ്രതിമാസം 30,000 രൂപ വീതം ലഭിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ആളുകളെ ബന്ധപ്പെട്ട് വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യിപ്പിക്കുന്നതായിരുന്നു ഇവരുടെ പ്രവർത്തനരീതി എന്ന് പൊലീസ് പറഞ്ഞു. പിന്നീട് അവരെ ഓൺലൈൻ ഗ്രൂപ്പുകളിലേക്ക് ചേർക്കുകയും കൂടുതൽ നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴെല്ലാം തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനും പണം വീണ്ടെടുക്കാനും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.









0 comments