കർണാടകത്തിൽ ആർസിബിയുടെ വിജയാഘോഷത്തിനിടെ രണ്ട് മരണം

ബംഗളൂരൂ : ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നേടിയതിനുപിന്നാലെ കർണാടകത്തിൽ നടന്ന വിജയാഘോഷത്തിൽ രണ്ട് മരണം. ശിവമോഗയിലും ബെലഗാവിയിലുമാണ് രണ്ട് യുവാക്കൾ വിജയാഘോഷ റാലിക്കിടെ മരിച്ചത്.
ചൊവ്വാഴ്ച രാത്രി നടന്ന ആഘോഷത്തിനിടെ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് ശിവമോഗയിൽ യുവാവ് മരിച്ചത്. വെങ്കിടേഷ് നഗറിൽ താമസിച്ചിരുന്ന അഭിനന്ദൻ (21) ആണ് മരിച്ചത്. രവീന്ദ്രനഗറിലെ ഗണപതി ക്ഷേത്രത്തിന് മുന്നിൽ ജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. ആർസിബിയുടെ വിജയം ആഘോഷിക്കാൻ യുവാക്കൾ ബൈക്ക് റാലി നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് രണ്ട് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിനന്ദൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റതായും വിവരമുണ്ട്.
ബെലഗാവിയിൽ വിജയാഘോഷത്തിനിടെ ഹൃദയാഘാതമുണ്ടായാണ് മറ്റൊരു യുവാവ് മരിച്ചത്. മൂഡാലഗി സ്വദേശി മഞ്ജുനാഥ് കുംഭാർ (25) ആണ് മരിച്ചത്. വിജയാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
രാത്രി നടന്ന ആർസിബി വിജയാഘോഷങ്ങൾക്കിടെ, ദുർഗിഗുഡിയിലെ ഒരു വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ബൈക്ക് ഇടിച്ചുകയറിയതായും റിപ്പോർട്ടുണ്ട്. ഇടിച്ച ശേഷം ബൈക്കിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. കാറിന് കേടുപാടുകൾ സംഭവിച്ചു. ശിവമോഗയിലെ സീനപ്പ ഷെട്ടി സർക്കിളിൽ ആർസിബി വിജയാഘോഷങ്ങൾ രാത്രി വൈകുവോളം തുടർന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ചെറിയ തോതിൽ ലാത്തിചാർജ് നടത്തി.









0 comments