യുപിയിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും; രണ്ട് മരണം: 32 പേർക്ക് പരിക്ക്

PHOTO CREDIT: X
ലഖ്നൗ: ഉത്തർപ്രദേശിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിച്ചു. മുബാറക്പുര സ്വദേശി പ്രശാന്തും (22) ഒരു മുപ്പതുകാരനുമാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. ഹൈദർഗഡിലെ അവ്സാനേശ്വർ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിൽ ശ്രാവണ മാസത്തിൽ തിങ്കളാഴ്ച ജലാഭിഷേകത്തിനായി ആളുകൾ ഒത്തുകൂടിയ സമയത്താണ് സംഭവം.
ക്ഷേത്രത്തിലെ ടിൻ ഷെഡിന് മുകളിലേക്ക് വൈദ്യുത കമ്പി പൊട്ടി വീണതോടെ വൈദ്യുതി പ്രവഹിച്ചു. ഇത് ക്ഷേത്ര പരിസരത്ത് പരിഭ്രോന്തി പരത്തുകയും തുടർന്ന് തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ട് പേർ ത്രിവേദിഗഞ്ച് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പരിക്കേറ്റ 10 പേരെ ത്രിവേദിഗഞ്ച് സിഎച്ച്സിയിലേക്ക് കൊണ്ടുവന്നു. അതിൽ അഞ്ച് പേരുടെ നില ഗുരുതരമായതിനാൽ ഉന്നത മെഡിക്കൽ സെന്ററുകളിലേക്ക് റഫർ ചെയ്തു. പരിക്കേറ്റ 26 പേർ ഹൈദർഗഡ് സിഎച്ച്സിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്തിട്ടുണ്ട്.
അപകടത്തിന് പിന്നാലെ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ജില്ലാ അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമം തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജലാഭിഷേക ചടങ്ങിനിടെ കുരങ്ങുകൾ വൈദ്യുത കമ്പി പൊട്ടിച്ചെന്നും ഇത് ക്ഷേത്ര സമുച്ചയത്തിലെ മൂന്ന് ടിൻ ഷെഡുകളിലൂടെ വൈദ്യുതി പ്രവഹിക്കാൻ കാരണമായെന്നും ബരാബങ്കി ജില്ലാ മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠി പറഞ്ഞു.
ഞായറാഴ്ച ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു. 35ലധികം പേർക്ക് പരിക്കേറ്റിരുന്നു.









0 comments