കർണാടകയിലെ വിജയപുരത്ത് മൂന്ന് മാസത്തിനിടയിൽ രണ്ട് ബാങ്ക് കവർച്ചകൾ; ഇത്തവണ നഷ്ടമായത് 58 കിലോ സ്വർണം

ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ മൂന്ന് മാസത്തിനിടെ രണ്ട് ബാങ്ക് കവർച്ചകൾ. എസ്ബിഐയുടെ വിജയപുര ബ്രാഞ്ചാണ് ഏറ്റവും ഒടുവിൽ കൊള്ളയടിച്ചത്. 58 കിലോ സ്വർണവും എട്ട് കോടി രൂപയുമാണ് മോഷണം പോയത്. ഇതോടെ വിജയപുരത്ത് മുഖംമൂടി ധാരികൾ അടുത്തിടെ കൊള്ളയടിച്ച ബാങ്കുകൾ രണ്ടായി. ജീവനക്കാരെ ബന്ദിയാക്കി പണവും സ്വർണവും കവർന്ന് അതിവിദഗ്ധമായാണ് കൊള്ളക്കാർ രക്ഷപ്പെട്ടത്.
വിജയപുരത്തെ ചദ്ചൻ ടൗണിലുള്ള എസ്ബിഐ ശാഖയിൽ ചൊവ്വാഴ്ച രാത്രി 6.30ഓടെയാണ് കവർച്ച നടന്നത്. മിലിട്ടറി യൂണിഫോം ധരിച്ചാണ് സംഘം എത്തിയതെന്നും മാനേജറും, ക്യാഷ്യറുമുൾപ്പെടെയുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും അപായ സൈറൺ മുഴക്കുന്നതിൽ നിന്ന് തടഞ്ഞെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏകദേശം 20 കോടിയുടെ നഷ്ടമാണുണ്ടായത്. മഹരാഷ്ട്രയിലെ പന്ധർപൂരിൽ നിന്നുള്ള കാറിലാണ് കവർച്ചാ സംഘം ബാങ്കിലെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കർണാടക, മഹാരാഷ്ട്ര പൊലീസുകൾ സംയുക്തമായാണ് മോഷ്ടക്കൾക്കായി തിരച്ചിൽ നടത്തുന്നത്.
സമാന കവർച്ച കാനറ ബാങ്ക് ശാഖയിലും
വിജയപുരത്തെ കാനറാ ബാങ്ക് ശാഖയിലും മൂന്ന് മാസങ്ങൾക്ക് മുമ്പ് സമാനമായ കവർച്ച നടന്നിരുന്നു. മെയ് 25ന് കാനറ ബാങ്കിന്റെ മനഗുള്ളി ശാഖയിൽ നിന്നും 59 കിലോ സ്വർണവും 7 ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്. മെയ് 24 നാലാം ശനിയാഴ്ചയായതിനാൽ ബാങ്ക് അവധിയായിരുന്നു. മെയ് 25ന് ബാങ്ക് വൃത്തിയാക്കാൻ ജീവനക്കാരി എത്തിയപ്പോൾ ഷട്ടർ ലോക്ക് തകർന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നുള്ള പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.
ആറ് മുതൽ എട്ട് വരെ അംഗങ്ങളുള്ള സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷട്ടർ ലോക്ക് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത് അലാറം സംവിധാനം പ്രവർത്തനരഹിതമാക്കി. സ്ട്രോങ്ങ് റൂമിലെ സ്വർണം വച്ചിരുന്ന ലോക്കർ തകർക്കാൻ വ്യാജ താക്കോൽ ഉപയോഗിച്ചതായി കണ്ടെത്തി. രണ്ട് ദിവസമെങ്കിലും ബാങ്ക് നിരീക്ഷിച്ചതിന് ശേഷമാണ് മോഷ്ടാക്കൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സജ്ജീകരണങ്ങളെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവർച്ച നടത്തിയതെന്നാണ് സൂചന. ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ നിഗമനം.
കാനറ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാനറ ബാങ്ക് മനഗുള്ളി ശാഖയിലെ മുൻ മാനേജർ വിജയകുമാർ മിരിയാൽ ആണ് കവർച്ചയുടെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. മുൻ ബാങ്ക് ജീവനക്കാരനും കോൺട്രാക്ടറും കാസിനോ ഓപ്പറേറ്ററുമായ ചന്ദ്രശേഖർ നെറെല്ല, മിരിയാലിന്റെ സഹായി സുനിൽ മോക്ക എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.









0 comments