കരൂർ ദുരന്തത്തിന്റെ ഉത്തരവാദി സ്റ്റാലിനെന്ന് ഖുശ്ബു
വിജയ്‌യോട് അടുക്കാൻ ബിജെപി ശ്രമം

ന്യൂഡൽഹി
41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകത്തിന്റെ പ്രസിഡന്റും നടനുമായ വിജയ്‌യെ ഒപ്പംനിർത്താനുള്ള ശ്രമങ്ങളുമായി ബിജെപി. കരൂർ ദുരന്തം ആസൂത്രിതമാണെന്നും ഉത്തരവാദി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണെന്നും ബിജെപി വൈസ് പ്രസിഡന്റും നടിയുമായ ഖുശ്‌ബു ആരോപിച്ചു. വിജയ്‌യുടെ റാലിക്കാവശ്യമായ സൗകര്യം സർക്കാർ നൽകാത്തതാണ് അപകടത്തിനിടയാക്കിയയെന്നും സ്റ്റാലിൻ മറുപടി പറയണമെന്നും ഖുശ്‌ബു ആവശ്യപ്പെട്ടു.
ദുരന്തത്തിന്റെ ഉത്തരവാദി സർക്കാരാണെന്നും തങ്ങൾ വിജയ്‌ക്ക് ഒപ്പമുണ്ടെന്നുമുള്ള സന്ദേശമാണ് ബിജെപി നൽകുന്നത്. വിജയ്‌യുമായും ടിവികെ നേതാക്കളുമായും ബിജെപി നേതാക്കൾ ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഡിഎംകെയാണ് മുഖ്യശത്രുവെന്നും ഒരുമിച്ചുനിൽക്കണമെന്നും ധരിപ്പിക്കാനാണ് ശ്രമം. വിജയ് ആരാധകരുടെ പിന്തുണ ഉന്നംവച്ചാണ് നീക്കം. വിഷയവുമായി ബന്ധപ്പെട്ട് അണ്ണാമലൈ ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതായും റിപ്പോർട്ടുണ്ട്.









0 comments