ടിആർഎഫ് തലവനടക്കം 3 ഭീകരർ കൊല്ലപ്പെട്ടു

ഗുല്‍സാര്‍ നഖാസി
Published on May 14, 2025, 02:56 AM | 1 min read
ശ്രീനഗർ
പഹൽഗാമിൽ ആക്രമണം ആസൂത്രണംചെയ്‌ത് നടപ്പാക്കിയ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) തലവൻ ഷാഹിദ് അഹമ്മദ് കുട്ടായ് അടക്കം മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതായി റിപ്പോർട്ട്. ലഷ്‌കർ ഇ തായ്‌ബയുമായി ബന്ധമുള്ള ടിആർഎഫ് ഭീകരരുമായി ചൊവ്വ പുലർച്ച ജമ്മു കശ്‌മീരിലെ ഷോപിയാൻ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇയാൾക്കൊപ്പം അദ്‌നാൻ ഷാഫി ഭട്ടും തിരിച്ചറിയപ്പെടാത്ത മറ്റൊരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. കെല്ലറിലെ ഷുക്രൂ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാസേന പ്രദേശം വളഞ്ഞത്.
കഴിഞ്ഞവർഷം ഹീർപോരയിൽ ഗ്രാമത്തലവനെ വധിച്ചതടക്കം നിരവധി ആക്രമണങ്ങൾ നടത്തിയ ഭീകരനാണ് ഷാഹിദ് അഹമ്മദ് കുട്ടായ്. ഷോപ്പിയാനിലെ മെൽഹോറ ഗ്രാമവാസിയായ അദ്‌നാൻ ഷാഫി കഴിഞ്ഞ വർഷമാണ് ലഷ്‌കറിൽ ചേർന്നത്. ഒക്‌ടോബറിൽ കുടിയേറ്റ തൊഴിലാളിയെ ഇയാൾ വധിച്ചിരുന്നു.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് സുരക്ഷസേന പോസ്റ്റർ പതിച്ചു. ഹുസൈൻ ടോക്കർ, അലി ഭായ്, ഹാസിം മൂസ എന്നിവരുടെ പോസ്റ്ററാണ് പതിച്ചത്.







0 comments