യൂണിയൻ കാർബൈഡിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കുന്നു; നീക്കം ചെയ്യുന്നത് 40 വർഷത്തിനു ശേഷം

ഭോപ്പാൽ > രാജ്യത്തെ നടുക്കിയ ഭോപ്പാൽ വിഷവാതക ദുരന്തത്തിലെ മാലിന്യങ്ങൾ വർഷങ്ങൾക്കുശേഷം നീക്കം ചെയ്യുന്നു. ദുരന്തം നടന്ന് 40 വർഷത്തിനു ശേഷമാണ് 377ടൺ മാലിന്യം നീക്കം ചെയ്യുന്നത്. ഇന്ന് രാത്രിയോടെ മാലിന്യം 250 കിലോമീറ്റർ അകലെയുള്ള സംസ്കരണ സ്ഥലത്തെത്തിക്കും. ഇൻഡോറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പീതാംപുർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് മാലിന്യം സംസ്കരിക്കുന്നത്. തുടക്കത്തിൽ കുറച്ചു മാലിന്യം പരീക്ഷണാടിസ്ഥാനത്തിലാവും സംസ്കരിക്കുക. തുടർന്ന് 3 മാസം കൊണ്ട് പൂർണമായ മാലിന്യ സംസ്കരണം നടത്തും.
12 ട്രക്കുകളിലായാണ് മാലിന്യം നീക്കുന്നത്. മാലിന്യം നീക്കം ചെയ്യാത്തതിനെ മധ്യപ്രദേശ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ടായിട്ടും ദുരന്തമുണ്ടായി വർഷങ്ങൾ കഴിഞ്ഞിട്ടും മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നില്ല.
1984 ഡിസംബർ 2-3 തീയതികളിലാണ് ലോകത്തെ തന്നെ നടുക്കിയ വിഷവാതക ദുരന്തമുണ്ടായത്. രാത്രിയിൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിയിൽ നിന്ന് ഉയർന്ന വിഷാംശമുള്ള മീഥൈൽ ഐസോസയനേറ്റ് (എംഐസി) വാതകം ചോരുകയായിരുന്നു. വിഷപ്പുക ശ്വസിച്ച് 5,479 പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി.
2024 ഡിസംബറിൽ മധ്യപ്രദേശ് ഹൈക്കോടതി മാലിന്യം നീക്കുന്നതിനായി നാലാഴ്ചത്തെ സമയപരിധി നൽകിയിരുന്നു.









0 comments