'ക്ഷമ ചോദിക്കാനും തെറ്റ് അംഗീകരിക്കാനുമുള്ള സമയം'; കരൂർ ദുരന്ത സ്ഥലം സന്ദർശിച്ച് കമൽഹാസൻ

കരൂർ: ടിവികെ പാർടി സ്ഥാപകനും ചലച്ചിത്ര നടനുമായ വിജയ് നയിച്ച രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച കരൂർ ദുരന്ത സ്ഥലം നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ എംപി സന്ദർശിച്ചു. ഇത് ക്ഷമ ചോദിക്കാനും തെറ്റ് അംഗീകരിക്കാനുമുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു. കരൂർ ദുരന്തത്തിൽപെട്ടവർക്ക് അനുശോചനം അറിയിക്കാനാണ് ഞാൻ വന്നത്. അന്വേഷണം നടക്കുന്ന സമയത്ത് മറ്റ് വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കമൽഹാസൻ മാധ്യമങ്ങളോട് പറഞ്ഞു. ഡിഎംകെ നേതാവ് സെന്തിൽ ബാലാജിക്കൊപ്പമാണ് താരം കരൂരിലെത്തിയത്.
സെപ്തംബർ 27ന് വിജയ്‍യുടെ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് 41 പേർ മരിച്ചത്. 18 സ്ത്രീകളും 14 പുരുഷൻമാരും 9 കുട്ടികളുമാണ് മരിച്ചത്. ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 13 മുതലാണ് ട്രിച്ചിയിൽ നിന്ന് വിജയ് പ്രചാരണ റാലി ആരംഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് കരൂരിൽ പ്രചാരണ റാലി നടത്താൻ വിജയ് തീരുമാനിച്ചത്. ഉച്ചയ്ക്ക് എത്തുമെന്ന് അറിയിച്ചെങ്കിലും വിജയ് എത്തിയത് രാത്രി 7.30ഓടെയാണ്. രാവിലെ മുതൽ വൻ ജനക്കൂട്ടമാണ് വിജയ്‍യെ കാണാനായി കാത്തുനിന്നത്. വിജയ് എത്തിയതോടെ പ്രചാരണ വാഹനത്തിനടുത്തേക്ക് എത്താനായി ജനങ്ങൾ തിക്കും തിരക്കും കൂട്ടിയതോടെയാണ് ദുരന്തമുണ്ടായത്.
വെള്ളക്കുപ്പികൾ വാഹനത്തിൽ നിന്ന് എറിഞ്ഞുനൽകിയത് എടുക്കാനും ആളുകൾ തിരക്കുകൂട്ടിയതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി. അപകടമുണ്ടായതോടെ വിജയ് സംഭവസ്ഥലത്തുനിന്നും ചെന്നൈയിലേക്ക് മടങ്ങിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.









0 comments