അപമാനിച്ചത് പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലിയെ
രാജസ്ഥാനില്‍ ദളിത് എംഎൽഎ ക്ഷേത്രത്തില്‍ കയറി ; "ശുദ്ധിക്രിയ' നടത്തി ബിജെപി നേതാവ്

ടിക്കാറാം ജൂലി
ന്യൂഡൽഹി : രാജസ്ഥാനിൽ ദളിത് വിഭാഗക്കാരനായ കോൺഗ്രസ് നേതാവ് സന്ദർശിച്ചതിന് പിന്നാലെ ക്ഷേത്രത്തിൽ ഗംഗാജലം തളിച്ച് ബിജെപി നേതാവിന്റെ ‘ശുദ്ധിക്രിയ’. അൽവാറിലെ അപ്‌നാഘർ ഷാലിമാർ രാമക്ഷേത്രത്തിലാണ് മുൻ മന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ടിക്കാറാം ജൂലി സന്ദർശനം നടത്തിയത്. പിന്നാലെ ക്ഷേത്രത്തിലും പരിസരത്തും മുൻ എംഎൽഎയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഗ്യാൻദേവ് ഗംഗാജലം തളിച്ചു.
‘അയാൾ ഒരിക്കലും ക്ഷേത്രം സന്ദർശിക്കരുതായിരുന്നു. ക്ഷേത്രത്തിൽ കയറിയതിന് മൂക്കുമുറിച്ച് വെള്ളത്തിലിട്ട് പ്രായശ്‌ചിത്തം ചെയ്യണം. ശ്രീരാമഭഗവാന്റെ ക്ഷേത്രം അശുദ്ധമാക്കിയതിനാലാണ് ഗംഗാജലം തളിക്കേണ്ടി വന്നത്. ഇക്കൂട്ടരെക്കുറിച്ച് കൂടുതൽ പറഞ്ഞ് എന്റെ വായ അശുദ്ധമാക്കുന്നില്ല’–- ഗ്യാൻദേവ് പറഞ്ഞു. ഗ്യാൻദേവിന്റെ വാക്കും പ്രവൃത്തിയും ബിജെപിയുടെ ദളിത്‌വിരുദ്ധ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് ടിക്കാറാം ജൂലി പ്രതികരിച്ചു.







0 comments