ഡൽഹിയിൽ മൂന്നുനിലക്കെട്ടിടം തകർന്ന് അപകടം; ഒരു മരണം

ന്യൂഡൽഹി : ഡൽഹിയിൽ മൂന്നുനിലക്കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. വെള്ളി പുലർച്ചെ വടക്കൻ ഡൽഹിയിലെ ആസാദ് മാർക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. ബാര ഹിന്ദു റാവു പ്രദേശത്തുണ്ടായിരുന്ന മൂന്ന് നിലക്കെട്ടിടമാണ് പുലർച്ചെ രണ്ടോടെ തകർന്നുവീണത്. 45കാരനായ മനോജ് ശർമയാണ് മരിച്ചത്.
തകർന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ബാഗുകളും ക്യാൻവാസ് തുണികളും വിൽക്കുന്ന മൂന്ന് കടകൾ ഉണ്ടായിരുന്നു. ഒന്നാം നിലയിലായിരുന്നു ഗോഡൗണുകൾ. വിവരത്തെത്തുടർന്ന് അഗ്നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സെൻട്രലൈസ്ഡ് ആക്‌സിഡന്റ് ആൻഡ് ട്രോമ സർവീസസ് (സിഎടിഎസ്) ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), ക്രൈം ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് അവശിഷ്ടങ്ങളിൽ നിന്നാണ് രക്ഷാപ്രവർത്തകർ മനോജിനെ കണ്ടെത്തിയത്. ഉടൻതന്നെ ഹിന്ദു റാവു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കടയിലെ ജീവനക്കാരനായിരുന്നു മനോജ്. കഴിഞ്ഞ 30 വർഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മറ്റ് പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കെട്ടിടത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ട്രക്കിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 106(1), 290 വകുപ്പുകൾ പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.









0 comments