ദുർഗാപുർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പേർ പിടിയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പങ്കെന്ന് സംശയം

കൊല്‍ക്കത്ത: ദുർഗാപുരിൽ എംബിബിഎസ് വിദ്യാർഥിനിക്ക് എതിരായ ലൈംഗികാതിക്രമ കേസിൽ മൂന്ന് പേർ പിടിയിൽ. പ്രദേശവാസികളായ അപു ബൗരി (21), ഫിര്‍ദൗസ് ഷേഖ് (23), ഷേഖ് റിയാജുദ്ദീന്‍ (31) എന്നിവരാണ് പിടിയിലായത്.
വിദ്യാര്‍ഥിനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിലേക്കും അന്വേഷണം നീളുന്നുണ്ട്. പ്രതികളെയെല്ലാം ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ രംഗത്ത് വന്നിരുന്നു. കാമ്പസിന് പുറത്തേക്ക് ഒരു സുഹൃത്തിന്റെ ഒപ്പമാണ് മകൾ ഭക്ഷണം കഴിക്കാൻ പോയത്. പുറത്തിറങ്ങിയ അവരെ മൂന്ന് പേർ പിന്തുടരാൻ തുടങ്ങി. ഇതേസമയം അവളുടെ സുഹൃത്ത് അവളെ ഉപേക്ഷിച്ച് ഓടി. മകളും ഓടാൻ ശ്രമിച്ചു. എന്നാൽ മകളെ ഒറ്റയ്ക്ക് കിട്ടിയതോടെ മൂന്ന് പേർ അവളെ തട്ടികൊണ്ട് പോകുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. സുഹൃത്തിന്റെ നിർബന്ധത്താലാണ് പെൺകുട്ടി കാമ്പസിൽ നിന്ന് പുറത്തിറങ്ങിയതെന്നും ഇയാളെ ചോദ്യം ചെയ്യണമെന്നും ദേശീയ വനിതാ കമ്മിഷനംഗം അര്‍ച്ചന മജുംദാര്‍ പറഞ്ഞു.
ദുർഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ക്യാമ്പസിനോട് ചേർന്ന ആശുപത്രി വളപ്പിൽ വെച്ച് രണ്ടാം വർഷ വിദ്യാർഥിനിയെ വലിച്ചിഴച്ച് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്‍തത്.ഒഡീഷയിലെ ജാലേശ്വർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.









0 comments