‘ദി വയറി’ന് കേന്ദ്രത്തിന്റെ വിലക്ക്

ന്യൂഡൽഹി
പ്രമുഖ ഓൺലൈൻ മാധ്യമമായ ‘ദി വയറി’ന് വിലക്കേർപ്പെടുത്തി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. നടപടി മാധ്യമസ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണെന്ന് ‘ദി വയർ’ പ്രതികരിച്ചു. 2000ലെ ഐടി ആക്ട് പ്രകാരമാണ് മന്ത്രാലയം വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം തടഞ്ഞത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മുൻനിര മാധ്യമങ്ങളുൾപ്പെടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുമ്പോഴാണ് ഉത്തരവാദിത്വ മാധ്യമപ്രവർത്തനം നടത്തുന്ന വയറിനെ വിലക്കിയതെന്ന് എഡിറ്റർ സിദ്ധാർഥ് വരദരാജൻ പറഞ്ഞു.
‘ദി വയറി’നെതിരായ കേന്ദ്രസർക്കാർ നടപടിയെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അപലപിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ തടസ്സമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കുമ്പോൾ സത്യസന്ധമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളെ സർക്കാർ വിലക്കുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ‘ദി വയറി’ന്റെ വിലക്ക് പിൻവലിക്കണമെന്നും വ്യാജവാർത്ത പ്രചരിപ്പിച്ച മറ്റ് മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചു.
ഏത് വാർത്തയുടെ പേരിലാണ് വിലക്കെന്നുവ്യക്തമല്ല. കഴിഞ്ഞദിവസം, മലയാളി മാധ്യമപ്രവർത്തകനെ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചതിന്റെ പേരിൽ അറസ്റ്റ്‌ചെയ്‌ത വാർത്ത ‘ദി വയറി’ൽ പ്രസിദ്ധീകരിച്ചിരുന്നു.









0 comments