തരൂരിന്റെ മോദി സ്തുതി; കോൺഗ്രസിൽ വാക്‌പോര്

photo credit: facebook
ന്യൂഡൽഹി: ശശി തരൂരിന്റെ മോദി സ്തുതിയിൽ കോൺഗ്രസിൽ വാക്‌പോര്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ശശി തരൂർ എംപിയുമാണ് നേരിട്ട് പോരിനിറങ്ങിയിരിക്കുന്നത്.
"പറക്കാൻ അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല...' എന്ന മറുപടിയുമായി ഖാർഗേയ്ക്കെതിരെ തരൂർ രംഗത്തെത്തി. 'ഞങ്ങൾക്ക് ആദ്യം രാജ്യം, പക്ഷേ ചിലർക്ക് ആദ്യം മോദി' എന്ന് പറഞ്ഞായിരുന്നു ഖാർഗെയുടെ പരിഹാസം. പറയുന്ന കാര്യങ്ങളിൽ അവനവന് ധാരണയുണ്ടാകണമെന്ന് വിമർശിച്ച് തരൂരിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രംഗത്തെത്തി. പാർടി ലൈൻ മറികടക്കുന്നോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണമെന്നും പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണമെന്നും വേണുഗോപാൽ തരൂരിനെതിരെ വിമർശനമുയർത്തി. ജയിപ്പിച്ച് വിട്ട ജനങ്ങളോട് കടപ്പാടുണ്ടാകണം. മോദിയെ പ്രകീർത്തിച്ചതിനെ കുറിച്ച് തരൂരിനോട് തന്നെ ചോദിക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷമുള്ള തരൂരിന്റെ മോദി പ്രശംസയിൽ കോൺഗ്രസിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. ശശി തരൂരിന് ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹത്തെ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ എടുത്തതെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസിന് 'രാജ്യം ആദ്യം, പാർടി പിന്നീട് എന്നാണ്. എന്നാൽ ചില ആളുകൾക്ക്'മോദി ആദ്യം, രാജ്യം പിന്നീട്' എന്ന് തോന്നുന്നതിന് എന്തുചെയ്യാൻ കഴിയുമെന്നും ഖാർഗെ പറഞ്ഞിരുന്നു.
ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയുടെ ഇടപെടലുകളെക്കുറിച്ച് തരൂർ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഖാർഗെയുടെ പരാമർശം. ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജം, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് സ്വത്തായി തുടരുമെന്നായിരുന്നു തരൂരിന്റെ പരാമർശം.









0 comments