ബിജെപിയും കോൺഗ്രസും തമ്മിലാണ് യഥാർഥ സഖ്യം; എഎപി 'ഇന്ത്യ' വിടുന്നതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർടി. ബിജെപിയും കോൺഗ്രസും തമ്മിലുള്ള സഖ്യമാണ് തിരശീലയ്ക്ക് പിന്നിലുള്ളതെന്ന് എഎപി ആരോപിച്ചു. ബിജെപിയുമായി കോൺഗ്രസിന് രഹസ്യവും അഴിമതി നിറഞ്ഞതുമായ കരാർ ഉണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് പ്രതിപക്ഷ കൂട്ടായ്മ രൂപീകരിച്ചതെന്ന് പാർടി പ്രസ്താവനയിൽ പറഞ്ഞു.
വിമർശനങ്ങൾക്ക് പിന്നാലെ എഎപി ഇന്ത്യ സഖ്യം വിടുന്നതായും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെ 16 പ്രതിപക്ഷ പാർടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ സാഹചര്യത്തിലാണ് എഎപിയുടെ പ്രസ്താവന. ആം ആദ്മി പാർടി ഇതേ ആവശ്യം പ്രത്യേകം ഉന്നയിച്ചിരുന്നു.
"ബിജെപിയും കോൺഗ്രസും തമ്മിലാണ് സഖ്യം. മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങൾ മാത്രമേ രാഹുൽ ഗാന്ധി സംസാരിക്കുന്നുള്ളൂ. പകരമായി, മോദി ഗാന്ധി കുടുംബത്തെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷിക്കുന്നു. സ്കൂളുകൾ, ആശുപത്രികൾ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് ഒരുക്കുന്നതിൽ ഇരുവർക്കും താൽപ്പര്യമില്ല"- എഎപി ദേശീയ മാധ്യമ ചുമതലയുള്ള അനുരാഗ് ദണ്ഡ എക്‌സിൽ കുറിച്ചു.
"ഇന്ത്യൻ രാഷ്ട്രീയം ശുദ്ധീകരിക്കാൻ നമ്മൾ ഈ പിന്നണി ഗൂഢാലോചന അവസാനിപ്പിക്കണം. രാഹുൽ ഗാന്ധിയും മോദിയും വേദിയിൽ എതിരാളികളായി പ്രത്യക്ഷപ്പെട്ടേക്കാം. രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടി അവർ പരസ്പരം ഉറപ്പുനൽകുന്നവരാണ് എന്നതാണ് സത്യം. കോൺഗ്രസിന്റെ ദുർബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. ബിജെപിയുടെ ഭരണം കോൺഗ്രസിന്റെ അഴിമതിയെ മറയ്ക്കുകയാണ്" - പാർടി പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ ദണ്ഡ ആരോപിച്ചു.
ഇന്ത്യാ കൂട്ടായ്മ അംഗങ്ങൾ എന്ന നിലയിൽ പോലും ആം ആദ്മി പാർടിയും കോൺഗ്രസും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലും ഗുജറാത്തിലും ഹരിയാനയിലും സഖ്യകക്ഷികളായി മത്സരിച്ച ഇരു പാർടികളും പഞ്ചാബിൽ പരസ്പരം മത്സരിച്ചിരുന്നു. കഴിഞ്ഞ വർഷം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ഇരു പാർടികൾക്കും സമവായത്തിലെത്താൻ കഴിഞ്ഞില്ല. ഈ വർഷം ആദ്യം നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു പാർടികളും കടുത്ത പോരാട്ടം നടത്തിയിരുന്നു.









0 comments