വീട്ടിൽ കണക്കിൽപ്പെടാത്ത പണം; ജഡ്ജിക്കെതിരെ അന്വേഷണം നടത്താൻ മൂന്നംഗ സമിതി

ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതി. ജസ്റ്റിസ് ഷീൽ നാഗു(പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജി എസ് സന്ധാവാലിയ(ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്) എം എസ് അനു ശിവരാമൻ(കർണാടക ഹൈക്കോടതി ജഡ്ജി) എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക.
ജസ്റ്റിസ് യശ്വന്ത് വർമ്മയെ ജുഡീഷ്യൽ ജോലികൾ ഏൽപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് തൽക്കാലം ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ടും ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ പ്രതികരണവും മറ്റ് രേഖകളും സുപ്രീം കോടതി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തതായും സുപ്രീംകോടതി പത്ര പ്രസ്‌താവനയിൽ പറഞ്ഞു.
ഹോളി ആഘോഷം നടക്കുന്ന ദിവസമാണ് ജസ്റ്റീസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയാണ് രക്ഷാ പ്രവർത്തനത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടുകൾ വീട്ടിൽ അടുക്കിവെച്ചതായി കണ്ടെത്തിയത്. യശ്വന്ത് വർമ്മ ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പണം കണ്ടെത്തിയ വിവരം പുറത്തായി എങ്കിലും ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പിന്നീട് തിടുക്കപ്പെട്ട് ഈ വിവരം നിഷേധിക്കയാണുണ്ടായത്. രാത്രി 11.30 ഓടെയാണ് തീപിടിത്തം ഉണ്ടാവുന്നത്. ആദ്യം എത്തുന്നത് പൊലീസ് സംഘമാണ്. അവരും നോട്ടുകെട്ടുകൾ നിറച്ചു വെച്ചതിന് സാക്ഷികളായി. മാത്രമല്ല അഗ്നിരക്ഷാ സേന എടുത്ത വീഡിയോയും ചിത്രങ്ങളും ചീഫ് ജസ്റ്റീസിന് കൈമാറുകയും ചെയ്തു.









0 comments