ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങൾക്ക്‌ കേരളത്തിനെ ശിക്ഷിക്കുകയാണ്‌ കേന്ദ്രം: വി ശിവദാസൻ എംപി

sivadasan mp
വെബ് ഡെസ്ക്

Published on Mar 19, 2025, 08:53 PM | 2 min read

ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും പുരോഗമിച്ച സംസ്ഥാനമാണ് കേരളം. കേരള സമൂഹത്തിന്റെ വികസനം വികസിത രാജ്യങ്ങൾക്ക് തുല്യമാണ്. പക്ഷേ ഈ നേട്ടത്തിന് കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന്‌ വി ശിവദാസൻ എംപി. ആരോഗ്യകേന്ദ്രങ്ങൾക്ക്‌ മുന്നിലെ ബോർഡുകളിലെ പേരുകൾ മാറ്റണമെന്നത്‌ പോലെയുള്ള ഉപാധികൾ ഏർപ്പെടുത്തി കേന്ദ്രം കേരളത്തിന്‌ നൽകേണ്ട ഫണ്ട്‌ തടഞ്ഞുവെക്കുകയാണ്‌.


കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാൻ ഒരു പിന്നോക്ക സംസ്ഥാനമാവാൻ ആണ് ഒരു കേന്ദ്രമന്ത്രി പറഞ്ഞത്. അർഹമായ ഫണ്ട് ലഭിക്കുന്നതിന് നിരവധി യുക്തിരഹിതമായ നിബന്ധനകളാണ് കേന്ദ്രസർക്കാർ അടിച്ചേല്പിക്കുന്നത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കാനോ, മെച്ചപ്പെട്ട ചികിത്സ ഒരുക്കാനോ, മരുന്നിനോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ അല്ല കേന്ദ്രം ആവശ്യപ്പെടുന്നത്. മറിച്ച്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റണം എന്നാണ്‌ അവരുടെ ആവശ്യം. മലയാളികളുടെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആയുഷ്മാൻ ആരോഗ്യമന്ദിർ ആക്കണം. പരിചിതമല്ലാത്ത മറ്റൊരു ഭാഷയിൽ ബോർഡ് സ്ഥാപിക്കണം ഇതാണ്‌ കേന്ദ്രത്തിന്റെ ആവശ്യങ്ങൾ. ഇതിലൂടെ കേരളത്തിന്റെ ഭാഷയെയും സംസ്കാരത്തെയുമാണ്‌ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്‌.


നിറവും ബോർഡും മാറ്റൽ ബിജെപിയുടെ വിനോദമാണ്‌. എന്നാൽ ആശുപത്രിയിലെ സ്കാനിംഗ് മെഷീനുകളോ എക്സ്-റേ മെഷീനുകളോ മാറ്റുന്നതിന് പണം നൽകാൻ അവർ തയ്യാറല്ല. നിറം മാറ്റത്തിന്റെയും പേര് മാറ്റത്തിന്റെയും പേരിൽ അവർ 637 കോടി രൂപയാണ് തടഞ്ഞു വെച്ചിരിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന കൊടും ക്രൂരതയാണ് ശിവദാസൻ ചൂണ്ടിക്കാട്ടി.


ഇതുവരെ എയിംസിനുള്ള കേരളത്തിന്റെ അഭ്യർത്ഥന കേന്ദ്രം പരിഗണിച്ചിട്ടില്ല. ഇന്ത്യയിൽ, ധാരാളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആവശ്യത്തിന് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഇല്ലാതെ പ്രവർത്തിക്കുന്നു. സംസ്ഥാന സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ എണ്ണത്തെക്കുറിച്ച് കേന്ദ്രത്തിന്റെ പക്കൽ ഡാറ്റ ഇല്ല.


ആശാ വർക്കർമാർ കേന്ദ്ര സർക്കാരിൽ നിന്ന് ഇൻസെന്റീവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇപ്പോൾ ആശാ വർക്കർക്ക് 1200 രൂപ മാത്രമാണ്‌ കേന്ദ്രം നൽകുന്നത്‌. ആശാ വർക്കേഴ്സിനെ തൊഴിലാളികളായി കണക്കാക്കുന്നില്ല. ഒരു കേന്ദ്ര മന്ത്രി ആശാ വർക്കേഴ്സിന്റെ സമരത്തിൽ പങ്കെടുക്കുകയും അവരെ വഞ്ചിക്കുകയും ചെയ്തു. കേരളം ആശാ വർക്കേഴ്സിന് ഏറ്റവും ഉയർന്ന ഓണറേറിയം നൽകുന്നു. എന്നാൽ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾക്ക് സത്യം പറയാൻ ധൈര്യമില്ല. ചില കോൺഗ്രസ് നേതാക്കൾ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നുണ്ട്‌. കേരളത്തിൽ ഇത് വളരെ ശരിയാണ്.


സർക്കാർ ആശുപത്രികളുടെ ശരിയായ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം നിക്ഷേപിക്കാൻ കേന്ദ്രം തയ്യാറല്ല. പകരം ജനങ്ങളുടെ പണം കൊള്ളയടിക്കാൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും കോർപ്പറേറ്റ് ആശുപത്രികൾക്കും പ്രയോജനം ചെയ്യുന്ന ഇൻഷുറൻസ് പദ്ധതികളെയാണ്‌ പ്രോത്സാഹിപ്പിക്കുന്നത്‌. രാജ്യസഭയിൽ ആരോഗ്യമന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.





deshabhimani section

Related News

View More
0 comments
Sort by

Home