ദൈവം ചോദിച്ചു എങ്ങനെ വെറുതെയിരിക്കാനാകും; കുറ്റബോധമില്ല; ഗവായ്ക്കെതിരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ

ന്യൂഡൽഹി: കോടതി മുറിക്കുളളിൽ ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാൻ ശ്രമിച്ച അഭിഭാഷകൻ കൂടിയായ പ്രതി കോടതിയിൽ പറഞ്ഞത് വിചിത്രവാദങ്ങൾ. ചെയ്ത കാര്യത്തിൽ തനിക്ക് കുറ്റബോധമില്ല. തനിക്ക് ദിവ്യശക്തിയുടെ പ്രേരണയുണ്ട്. ഖജുരാഹോ ജവാരി ക്ഷേത്രം സംബന്ധിച്ച വിധിക്ക് ശേഷം ഉറങ്ങാൻ കഴിഞ്ഞില്ല. ഇത്തരമൊരു വിധി കേട്ടിട്ട് എങ്ങനെ വെറുതെയിരിക്കാൻ കഴിയുന്നെന്ന് എല്ലാ രാത്രിയും ദൈവം ചോദിച്ചു- പ്രതി രാകേഷ് കിഷോർ പറഞ്ഞു.
സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ വലിച്ചെറിയാൻ അഭിഭാഷകന്റെ ശ്രമമുണ്ടായത്. തിങ്കൾ രാവിലെ കോടതി നടപടികൾക്കിടയിലായിരുന്നു സംഭവം. ഷൂ എറിയാൻ ശ്രമിച്ച രാകേഷ് കിഷോർ എന്ന അഭിഭാഷകനെ സുരക്ഷാജീവനക്കാര്‍ ചേര്‍ന്ന് പുറത്താക്കി. ഡൽഹി പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതി നടപടികൾ അല്‍പസമയത്തേക്ക് തടസ്സപ്പെട്ടു.
'സനാതന ധര്‍മ്മത്തോടുള്ള അനാദരം ഇന്ത്യ സഹിക്കില്ലെന്ന' മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് രാകേഷ് കിഷോർ ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഗവായ് നടത്തിയ പരാമർശം ചര്‍ച്ചയായിരുന്നു. വിഗ്രഹം പുനഃസ്ഥാപിക്കണമെന്നുള്ള ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. ഈ വിഷയം പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ അധികാരപരിധിയിലുള്ളതാണെന്നും, 'ഇതിനായി മഹാവിഷ്ണുവിനോട് തന്നെ പ്രാർത്ഥിക്കൂ' എന്നുമാണ് കോടതി ഹർജിക്കാരനോട് പറഞ്ഞത്. ഇതാണ് രാകേഷ് കിഷോറിനെ പ്രകോപിപ്പിച്ചത്.
Related News
എന്നാല്‍ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റിസ് ശാന്തനായി ഇരിക്കുകയും നടപടികള്‍ തുടരുകയും ചെയ്തു. സംഭവങ്ങളൊന്നും തന്നെ ബാധിക്കുന്നതല്ലെന്നു് ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നു.









0 comments