കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ വിജയ് സഞ്ചരിപ്പിച്ചത് 400 കിലോമീറ്റർ; കൂടിക്കാഴ്ച വിവാദത്തിൽ

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കാനായി വിജയ് അവരെ സഞ്ചരിപ്പിച്ചത് 400 ഓളം കിലോമീറ്റർ. കരൂരിൽ എത്താതെ 400 കിലോമീറ്റർ അകലെയുള്ള മഹാബലിപുരത്തെ ഒരു റിസോർട്ടിൽ വച്ചാണ് വിജയ് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
സെപ്റ്റംബർ 27-ന് കരുരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 60-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ അപകടത്തിൽ മരിച്ച 37 പേരുടെ ബന്ധുക്കളെയാണ് തിങ്കളാഴ്ച 400 കിലോമീറ്റർ അകലെയുള്ള മഹാബലിപുരത്തേക്ക് ബസിൽ കൊണ്ടുവന്നത്.
വിജയ്‌യുടെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. അവരോടുള്ള ദയ ജനങ്ങൾക്ക് മുന്നിൽ പ്രകടിപ്പിക്കാൻ മാത്രമാണ് ഇങ്ങനെ ചെയ്തതെന്നാണ് പ്രതിപക്ഷകക്ഷികളുടെ വാദം. ദുരിതമനുഭവിക്കുന്ന ബന്ധുക്കളെയും പ്രായമായവരെയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും 400 ഓളം കിലോമീറ്റർ ദൂരമുള്ള കഠിനമായ യാത്രയ്ക്ക് നിർബന്ധിച്ചത് മനുഷ്യത്വരഹിതമാണെന്നും ആക്ഷേപമുയരുന്നുണ്ട്.
ഒരു ആഢംബര റിസോർട്ടിലേക്ക് ആളുകളെ എത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ, എന്തുകൊണ്ട് കരുരിലേക്ക് പോകാൻ സാധിക്കുന്നില്ല എന്നാണ് ഡിഎംകെ ചോദിക്കുന്നത്. എന്നാൽ, കരുർ സന്ദർശിക്കാൻ അധികാരികളുടെ അനുമതി ലഭിക്കാത്തതിനാലാണ് കൂടിക്കാഴ്ച റിസോർട്ടിലേക്ക് മാറ്റിയതെന്നാണ് വിജയ് നൽകിയ വിശദീകരണം.
തടസ്സങ്ങളില്ലാതെയും സ്വകാര്യമായി സംസാരിക്കുന്നതിനും പിന്തുണ ഉറപ്പുനൽകുന്നതിനും റിസോർട്ട് സൗകര്യപ്രദമാണെന്നാണ് ടിവികെയുടെ വാദം. ഏകദേശം എട്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വിജയ് ഓരോ കുടുംബാംഗങ്ങളെയും വ്യക്തിപരമായി കണ്ട് ഖേദം അറിയിക്കുകയും സമഗ്രമായ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.









0 comments