സിയാൽകോട്ടിൽ ഭീകരരുടെ ലോഞ്ച് പാഡ് തകർത്തതായി ബിഎസ്എഫ്

bsf

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 10, 2025, 02:37 PM | 1 min read

ശ്രീന​ഗർ : പാകിസ്ഥാനിലെ സിയാൽകോട്ടിൽ ഭീകരരുടെ ലോഞ്ച് പാഡ് തകർത്തതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). ജമ്മുവിലെ അഖ്‌നൂറിന് എതിർവശത്തുള്ള ലോഞ്ച് പാഡാണ് തകർന്നത്. അന്താരാഷ്ട്ര അതിർത്തിയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ വെടിവയ്പ്പ് നടത്തിയതിന് മറുപടിയായാണ് ലോഞ്ച് പാഡ് പൂർണമായും തകർത്തതെന്ന് ബിഎസ്എഫ് പറഞ്ഞു. പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിലെ ലൂണിയിലാണ് താവളം സ്ഥിതി ചെയ്യുന്നതെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു. വെള്ളിച രാത്രി 9 മുതൽ ജമ്മു സെക്ടറിലെ ബി‌എസ്‌എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് പ്രത്യാക്രമണം നടത്തിയത്. അന്താരാഷ്ട്ര അതിർത്തിയിലെ പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ പോസ്റ്റുകൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിയാണ് ബിഎസ്എഫ് പ്രതികരിച്ചതെന്നും വക്താവ് പറഞ്ഞു.


ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി മെയ് 7-ന് ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകളുടെ താവളങ്ങളടക്കം തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ അതിർത്തി മേഖലകളിലേക്ക് ആക്രമണം വ്യാപകമാക്കിയത്. പഹൽ​ഗാമിലെ ആക്രമണത്തിന് പിന്നാലെ തന്നെ അതിർത്തികളിൽ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ് ആരംഭിച്ചിരുന്നു. പഹൽ​ഗാമിൽ നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.


ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കശ്മീരിൽ പാകിസ്ഥാൻ ഷെല്ലാക്രമണവും വ്യാപകമാക്കി. സർക്കാർ ഉദ്യോ​ഗസ്ഥരടക്കം പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. അതിർത്തി സംസ്ഥാനങ്ങളിലെല്ലാം കനത്ത ജാ​ഗ്രത തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home