പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം തകർത്തു: സ്ഫോടകവസ്തു കണ്ടെത്തി

ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യവും കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ദൗത്യത്തിൽ ഭീകരരുടെ ഒളിത്താവളം തകർത്തു. സുരാൻകോട്ട് വില്ലേജിലുള്ള ഭീകരരുടേതെന്ന് സംശയിക്കുന്ന ഒളിത്താവളമാണ് സൈന്യത്തിന്റെ റോമിയോ ഫോഴ്സ് തകർത്തത്. ഇവിടെനിന്ന് 5 ഐഇഡികൾ, റേഡിയോ സെറ്റുകൾ, ബൈനോക്കുലർ എന്നിവ കണ്ടെടുത്തു. ടിഫിൻ ബോക്സിലും സ്റ്റീൽ ബക്കറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു ഐഇഡി. ഇതിന്റെ ചിത്രങ്ങൾ കശ്മീർ പൊലീസ് പുറത്തുവിട്ടു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം കശ്മീർ ഐജി വി കെ ബിർദി വിവിധ സൈനിക മേധാവികളുമായി സംയുക്ത കൂടിക്കാഴ്ച നടത്തിയിരുന്നു. പൊലീസ്, ആർമി, ഇന്റലിജൻസ് വിഭാഗം, സെൻട്രൽ ആർമ്ഡ് ഫോഴ്സ് മേധാവികൾ പങ്കെടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം കശ്മീരിൽ ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്. അതിർത്തിയിൽ പ്രകോപനമില്ലാതെ പാക് സൈന്യം വെടിയുതിർക്കുന്നത് കഴിഞ്ഞ ദിവസങ്ങളിലും ആവർത്തിച്ചെന്ന് സൈന്യം അറിയിച്ചു. പൂഞ്ച് അടക്കമുള്ള മേഖലകളിൽ വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചിരുന്നു. കഴിഞ്ഞ മാസം 25നാണ് പാക് സൈന്യം അതിർത്തിയിൽ വെടിവയ്പ് ആരംഭിച്ചത്.
ഏപ്രിൽ 22നാണ് പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. വിനോദസഞ്ചാരികളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. അട്ടാരി - വാഗ അതിർത്തി അടയ്ക്കുകയും സിന്ധു നദീജല കരാർ റദ്ദാക്കുകയും ചെയ്തു. ഇന്ത്യയിലുള്ള പാക് പൗരർ രാജ്യം വിടണമെന്നും ആവശ്യപ്പെട്ടിരുന്നു.









0 comments