ഉത്തർപ്രദേശിൽ പതിനാറുകാരിക്ക് പീഡനം; ആറ് മാസം ബന്ദിയാക്കി: ഒരാൾ അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ ആറ് മാസം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി പലതവണ ബലാത്സംഗത്തിനിരയാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശിഷ് കുമാർ സരോജ് (21) എന്നയാളാണ് അറസ്റ്റിലായത്.
ഉത്തർപ്രദേശിലെ മോദിൽ നിന്ന് മാർച്ച് 22 ന് ഉച്ചകഴിഞ്ഞാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് മാർച്ച് 25ന് മകളെ കാണാനില്ലെന്ന് പെൺകുട്ടിയുടെ അമ്മ ബോദ് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ ആശിഷ് കുമാർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി.
ആശിഷ് ദീർഘകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രയാഗ്‌രാജ് ജില്ലയിലെ സംഘം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും പൊലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ആശിഷിനെ പിന്നാലെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.









0 comments