വോട്ടർപട്ടിക പരിഷ്കരണം തിരിച്ചടിക്കുമോ; എൻഡിഎ മുന്നണിയിലും പ്രതിഷേധ നീക്കം

VOTERS
avatar
എൻ എ ബക്കർ

Published on Jul 16, 2025, 01:00 PM | 3 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിൽ വിവാദമായ വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ അവസാനം വിയോജിപ്പ് പരസ്യമാക്കി എൻഡിഎ സഖ്യകക്ഷിയായ ടിഡിപി. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) ഇതര സംസ്ഥാനങ്ങളിലും ആവർത്തിക്കാൻ ഒരുങ്ങുന്നതിനിടെയാണ് നീക്കം. മുന്നണിയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ തെലുങ്കുദേശം പാർട്ടി കമ്മീഷനെ നേരിട്ട് ആശങ്ക അറിയിക്കുകയാണ് ചെയ്തത്. പ്രക്രിയ പൗരത്വ പരിശോധനയുമായി ബന്ധപ്പെട്ടതല്ലെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  


ഉദ്ദേശ്യം വ്യക്തമായി നിർവചിക്കണം, വോട്ടർ പട്ടിക തിരുത്തലിൽ മാത്രം പരിമിതപ്പെടുത്തുകയും വേണം. ഈ പ്രക്രിയ പൗരത്വ പരിശോധനയുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി അറിയിക്കണം എന്നിങ്ങനെ തുടരുന്നു ആവശ്യം. ടിഡിപി പ്രതിനിധി സംഘം കമ്മീഷനെ നേരിട്ട് സന്ദർശിച്ച ശേഷമാണ് വിയോജിപ്പുകൾ എഴുതി തയാറാക്കി സമർപ്പിച്ചത്.


ഏറ്റവും പുതിയ സർട്ടിഫൈഡ് വോട്ടർ പട്ടിക നിലവിലുള്ള സ്ഥലങ്ങളിൽ പരിശോധന എന്തിനെന്ന് കത്തിൽ ചോദിക്കുന്നു. ഇതിനകം യോഗ്യരായിട്ടുള്ള വോട്ടർമാർ നിർദ്ദിഷ്ടവും പരിശോധിക്കാവുന്നതുമായ രേഖകൾ സമർപ്പിച്ചവരാണ്. അവരുടെ യോഗ്യത പുനഃപരിശോധിക്കുന്നത് എന്തിനെന്നും സംശയം ഉന്നയിക്കുന്നു.


ബീഹാറിൽ നടത്തുന്ന SIR-നെ കുറിച്ച് നേരത്തെ പ്രതിപക്ഷം ഉന്നയിച്ച  ആശങ്കകൾ തന്നെയാണ് ടിഡിപിയും ഉന്നയിച്ചിരിക്കുന്നത്. 2003-ൽ പട്ടികയിൽ ഇല്ലാത്ത നിലവിലുള്ള എല്ലാ വോട്ടർമാരും അവരുടെയും അവരുടെ മാതാപിതാക്കളുടെയും പൗരത്വത്തിന്റെ തെളിവ് നൽകണമെന്ന ആവശ്യം പൗരത്വ പരിശോധനയുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു വിമർശനം.

 

തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഈ തുടങ്ങിയ പരിഷ്കരണ പ്രക്രിയയുടെ പ്രായോഗികതയെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങൾ ഉയർത്തി. ഇത് കൂട്ടത്തോടെ വോട്ടവകാശം നിഷേധിക്കൽ, ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ ഒഴിവാക്കൽ, ദേശീയ പൗരത്വ രജിസ്റ്റർ (NRC) നടപ്പിലാക്കൽ എന്നിങ്ങനെ ബിജെപിയുടെ ഗൂഡ ലക്ഷ്യങ്ങൾക്ക് വോട്ടെടുപ്പ് സ്ഥാപനം തന്നെ മുന്നിട്ടിറങ്ങുന്ന സാഹചര്യം സൃഷ്ടിച്ചതായും പരക്കെ വിലയിരുത്തപ്പെട്ടു.


കുടിയേറ്റ തൊഴിലാളികളെയും കുടിയിറക്കപ്പെട്ട കുടുംബങ്ങളെയും ഒഴിവാക്കുന്നതിനെക്കുറിച്ച് കൂടി ടിഡിപി ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ ഉയർന്ന തോതിലുള്ള വോട്ട് നഷ്ടങ്ങൾക്ക് ഇത് ഇടയാക്കും എന്ന് വിമർശനം ഉയർന്നിരുന്നു. ബിഹാറിൽ തന്നെയും വിപരീത ഫലം ചർച്ചയിൽ എത്തിയിരിക്കയാണ്.

 

ടിഡിപി എംപിയും ലോക്‌സഭയിലെ നേതാവുമായ ലാവു ശ്രീകൃഷ്ണ ദേവരായലു കമ്മീഷൻ മുൻപാകെ സമർപ്പിച്ച കത്തിൽ എംപിമാരായ ബൈറെഡ്ഡി ശബരി, ഡി പ്രസാദ റാവു, ടിഡിപി ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റ് പല്ല ശ്രീനിവാസ റാവു, ദേശീയ വക്താവ് ജ്യോത്സ്‌ന തിരുനഗരി എന്നിവരും ഒപ്പിട്ടിട്ടുണ്ട്.

 

ഇലക്ടറൽ വോട്ടർ പട്ടികയിലെ അപാകതകൾ തിരിച്ചറിയുന്നതിനായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) കീഴിൽ വാർഷിക മൂന്നാം കക്ഷി ഓഡിറ്റുകൾ നടത്തണമെന്നും, ഡ്യൂപ്ലിക്കേഷൻ, മൈഗ്രേഷൻ, മരിച്ചവരുടെ എൻട്രികൾ എന്നിവ തത്സമയം ഫ്ലാഗ് ചെയ്യുന്നതിന് ടൂളുകൾ ഉപയോഗിക്കണമെന്നും, തെറ്റായ ഒഴിവാക്കലുകൾ ഉടനടി തിരുത്തുന്നതിന് ബ്ലോക്ക്-ലെവൽ ഓഫീസർ/ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരിൽ നിന്നും സമയബന്ധിതമായ പരാതി പരിഹാര സംവിധാനം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.


ബിഹാറിൽ ബിജെപിയിലും ആശങ്ക


ബിഹാറിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കമ്മീഷന്റെ നടപടി തങ്ങളുടെ വോട്ടുകളും ചോർത്തമോ എന്ന ആശങ്കയിലാണ് ബിജെപി സംസ്ഥാന ഘടകം. എസ്ഐആർ പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രതിപക്ഷ പാർട്ടികൾ ജാഗ്രതിയിലായി. അവരുടെ വോട്ടുകൾ പരമാവധി ചേർപ്പിച്ചു. വിവാദത്തിനിടെ നിലപാട് എടുക്കാനാവാതെ ബിജെപി പ്രവർത്തകർ ആശങ്കയിൽ കഴിഞ്ഞു.


ഈ വിടവ് പ്രതിപക്ഷ പാർടി പ്രവർത്തകർ സമർത്ഥമായി പ്രയോജനപ്പെടുത്തി. മാത്രമല്ല പ്രതിഷേധവും വോട്ട് വെട്ടൽ ഭീതിയും ഉയർന്നതോടെ പ്രവർത്തകരിൽ ജാഗ്രത വർധിച്ചു. അണികളും തെരഞ്ഞെടുപ്പ് കാലത്തേക്ക് ഉണർന്നു. ഉറപ്പായ വോട്ടുകളിൽ ശ്രദ്ധ പതിപ്പിച്ച് മുന്നേറി. ഇതോടെ പല ഉദ്ദേശങ്ങളോടെ നടപ്പിലാക്കിക്കാൻ ശ്രമിച്ച പരിഷ്കരണം തിരിച്ചടിക്കുമോ എന്ന ആശങ്കയാണ്.


ബിഹാറിൽ ആകെ വോട്ടർമാരിൽ 4.52 ശതമാനത്തെ ഇപ്പോൾ തന്നെ പരിഷ്കരണം വഴി പട്ടികയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇത് 35 ലക്ഷം വോട്ടുകളാണ്. സംസ്ഥാനത്ത് ആകെ 7.9 കോടി വോട്ടർമാരാണ് ഉള്ളത്. പൊതു മാനദണ്ഡങ്ങൾ ഇല്ലാത്ത പുറത്താക്കലാണ് നടക്കുന്നത് എന്ന് പ്രാദേശിക പ്രവർത്തകർ തന്നെ പരാതി പറഞ്ഞു തുടങ്ങി. എന്നാൽ ഇനിയും ആളുകൾ പുറത്താവും എന്നാണ് കമ്മീഷൻ വിശദമാക്കിയത്. പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട 35 ലക്ഷം വോട്ടുകളിൽ 17.5 ലക്ഷം പേർ സ്ഥലം മാറിപ്പോയവർ എന്ന പേരിലാണ്. 5.5 ലക്ഷം പേർ ഇരട്ട വോട്ട് എന്നും പറയുന്നു.


ഇതര സംസ്ഥാനങ്ങളിലേക്ക് ഉപജീവനം തേടി പോയവരെ ഫലത്തിൽ മാറിപ്പോയവർ എന്ന വിശേഷണത്തിൽ ബിഹാറികൾ അല്ലാതാക്കുന്ന സമീപനം എന്നാണ് ഇതിനെ പ്രതിപക്ഷം വിമർശിച്ചത്. ഗ്രാമ പ്രദേശങ്ങളിലെ മിക്ക കുടംബങ്ങളിലും ഇത്തരത്തിൽ ജോലി തേടി പോയവരുണ്ട്. അവരെ നാട്ടുകാർ അല്ലെന്ന് മുദ്ര കുത്തി പുറത്താക്കുന്ന അനുഭവമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home