തമിഴ്നാട്-പുതുച്ചേരി തീരങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായി മാറിയതോടെ, തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്.
മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന തീവ്ര ന്യൂനമർദം, അടുത്ത 24 മണിക്കൂറിനുള്ളിൽ 'ചുഴലിക്കാറ്റായി' ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്.
തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവള്ളൂർ, ചെന്നൈ, റാണിപേട്ട്, കാഞ്ചീപുരം, ചെങ്കൽപേട്ട്, വില്ലുപുരം, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്.
കൂടാതെ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ പ്രദേശങ്ങളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ചെന്നൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇടത്തരം മുതൽ കനത്ത മഴ ലഭിച്ചേക്കാം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തിരുനെൽവേലിയിലെ നാലുംകുക്കിൽ 13 സെന്റിമീറ്ററാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. തീവ്ര ന്യൂനമർദം നീങ്ങുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാനും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാനും അധികൃതർ നിർദ്ദേശം നൽകി. മത്സ്യബന്ധനത്തിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.









0 comments