തമിഴ് സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു

ചെന്നൈ : തമിഴ് സംവിധായകനും നടനുമായ വേലു പ്രഭാകരൻ (68) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. സംവിധായകൻ എന്നതിനു പുറമെ നടനായും ഛായാഗ്രാഹകാനായും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1980-ൽ ഛായാഗ്രാഹകനായാണ് വേലു പ്രഭാകരൻ കരിയർ ആരംഭിച്ചത്. സംവിധായകൻ മൗലിയുടെ കീഴിൽ അവർകൾ വിധിയസമാനവർ, മാത്രവൈ നേരിൽ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. പ്രഭു, അജയ് രത്‌നം, അമല, ജയശങ്കർ എന്നിവർ അഭിനയിച്ച 1989-ലെ നാളൈ മനിതൻ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അടുത്ത വർഷം അതിശയ മനിതൻ എന്ന പേരിൽ ചിത്രത്തിന്റെ തുടർഭാഗവും ചെയ്തു.
വിപ്ലവം, ജാതി എന്നിവ പ്രധാന പ്രമേയമാക്കിയ സിനിമകളായിരുന്നു വേലുവിന്റേത്. 2009ൽ കാതൽ കഥൈ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. പതിനൊന്നോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. സരിയാന ജോഡി, പിക് പോക്കറ്റ്, ഉത്തമ രാസ, കടവുൾ, പതിനാറ്, വികടൻ എന്നിവ പ്രധാന ചിത്രങ്ങളാണ്. 1995-ൽ വേലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അസുരനൻ എന്ന ചിത്രത്തിലെ ‘ചക്കു ചക്കു വത്തിക്കുച്ചി’ എന്ന ഗാനം കമൽഹാസനെ നായകനാക്കി 2022ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിൽ ഉപയോഗിച്ചിരുന്നു.
ഗാങ്‌സ് ഓഫ് മദ്രാസ്, ജാംഗോ, കഡാവർ, വെപ്പൺ, പിസ 3 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വേദിക-യോഗി ബാബു അഭിനയിച്ച ഗജാന എന്ന ചിത്രത്തിലാണ് അവസാനമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. 2017ൽ പുറത്തിറങ്ങിയ ഒരു ഇയക്കുനറിൻ കാതൽ ഡയറിയാണ് വേലു സംവിധാനം ചെയ്ത അവസാന ചിത്രം.









0 comments