മുംബൈ ഭീകരാക്രമണത്തിലെ പങ്ക് റാണ സമ്മതിച്ചെന്ന്

ന്യൂഡൽഹി
മുംബൈ ഭീകരാക്രമണത്തിലെ തന്റെ പങ്കാളിത്തം തഹാവൂർ റാണ സമ്മതിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ടുചെയ്‌തു. മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിലാണ് കുറ്റസമ്മതമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.
2008 നവംബർ 26ന് ഭീകരാക്രമണം നടക്കുന്ന ഘട്ടത്തിൽ മുംബൈയിലുണ്ടായിരുന്നു. പാക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റായാണ് പ്രവർത്തിച്ചത്. ആക്രമണമുണ്ടായ സിഎസ്‌ടി ടെർമിനലടക്കം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
തനിക്കും ബാല്യകാല സുഹൃത്തായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കും ലഷ്‌കറെ തായ്ബ പാകിസ്ഥാനിൽ പരിശീലനം നൽകിയിട്ടുണ്ട്. ചാരസംഘടനയെ പോലെയാണ് ലഷ്‌കറെയുടെ പ്രവർത്തനം. തന്റെ സ്ഥാപനത്തിന്റെ ഭാഗമായ ഇമിഗ്രേഷൻ കേന്ദ്രം മുംബൈയിൽ തുറന്നിരുന്നു. ഇതുവഴി പണമിടപാടുകളും നടത്തി. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ കൂടി സഹായത്തോടെയാണ് ആക്രമണം –- റിപ്പോർട്ടിൽ പറയുന്നു. വൈകാതെ തന്നെ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുക്കാനാണ് മുംബൈ ക്രൈംബ്രാഞ്ച് നീക്കം.
യുഎസിലായിരുന്ന റാണയെ മേയിലാണ് ഇന്ത്യക്ക് വിട്ടുകിട്ടിയത്. പാക് വംശജനായ കനേഡിയൻ പൗരൻ റാണ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. എൻഐഎയും ചോദ്യംചെയ്യുന്നുണ്ട്.









0 comments