print edition ‘മറുപടി തൃപ്‌തികരമല്ലെങ്കിൽ റദ്ദാക്കും’ ; എസ്‌ഐആറിൽ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി
ബിഹാറിന് പിന്നാലെ തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങിവെച്ച വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന(എസ്ഐആര്‍)യിൽ വീണ്ടും സുപ്രീംകോടതി മുന്നറിയിപ്പ്. കമീഷന് നോട്ടീസയച്ച കോടതി മറുപടി തൃപ്‌തികരമല്ലെങ്കിൽ എസ്‌ഐആർ റദ്ദാക്കാൻ ഉത്തരവിടുമെന്ന് വ്യക്തമാക്കി.
കേസ് 26ന് വീണ്ടും പരിഗണിക്കും. ഡിഎംകെ, സിപിഐ എം, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നീ പ്രതിപക്ഷ പാർടികൾ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടേതാണ് നടപടി. എസ്‌ഐആർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപടിയുടെ സാധുത സംബന്ധിച്ച ഹർജികൾ ഹൈക്കോടതികൾ കേൾക്കുന്നതും വിലക്കി.
നവംബർ, ഡിസംബർ മാസങ്ങളിൽ തമിഴ്‌നാട്ടിൽ കനത്ത മഴയും വെള്ളപ്പൊക്കവും പ്രതിസന്ധി സൃഷ്‌ടിക്കുന്ന ഘട്ടത്തിലാണ് എസ്‌ഐആർ ധൃതിപിടിച്ച് നടപ്പാക്കുന്നതെന്ന് ഡിഎംകെയ്‌ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങൾക്കും ഏകീകൃത സമയക്രമം അപ്രായോഗികമാണ്. മൂന്നുവർഷം കൊണ്ട് നടക്കേണ്ട നടപടി ഒറ്റമാസംകൊണ്ട് നടത്തുമെന്നാണ് കമീഷൻ പറയുന്നത് –സിബൽ പറഞ്ഞു. കമീഷനെ വിശ്വസിക്കണമെന്നും അവർക്ക് പോരായ്‌മ ഉണ്ടായാൽ ചൂണ്ടിക്കാട്ടാമെന്നും ബെഞ്ച് നിരീക്ഷിച്ചു. എസ്‌ഐആറിനെ പിന്തുണയ്‌ക്കുന്നുവെന്ന് എഐഎഡിഎംകെ കോടതിയിൽ പറഞ്ഞു.
പൗരത്വം തിരയാൻ അധികാരമുണ്ടോ; പരിശോധിക്കും
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ പൗരത്വരേഖ ചോദിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി. വോട്ടർപ്പട്ടികയിൽ വ്യാപകമായി ഇരട്ടിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) സമർപ്പിച്ച പുതിയ അപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടർപ്പട്ടികയിൽ ഇരട്ടിപ്പുണ്ടെന്ന പരാതിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് കമീഷനോട് മറുപടിയും ആവശ്യപ്പെട്ടു.
ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ വോട്ടർമാർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് ഉറപ്പാക്കാൻ ഡീ -ഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കമെന്ന എഡിആർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞതിനോട് കോടതി യോജിച്ചു. 2003ലെ ബിഹാർ വോട്ടർപ്പട്ടിക പരസ്യമാക്കണം, അത് ഓൺലൈനായി ഓരോരുത്തർക്കും പാസ്‌വേർഡ് നൽകി പ്രസിദ്ധീകരിക്കണം, വോട്ടർപ്പട്ടിക ഗ്രാമസഭകൾ വഴി പരിശോധിക്കണം എന്നീ നിർദേശങ്ങളാണ് എഡിആർ മുന്നോട്ടുവച്ചത്.









0 comments