എല്ലാ തെരുവ് നായ്ക്കളേയും ഷെൽറ്ററുകളിലേക്ക് മാറ്റണം; ഇതിനെതിരെ ആരെങ്കിലും പ്രവര്‍ത്തിച്ചാൽ ശക്തമായ നടപടി: സുപ്രീംകോടതി

ന്യൂഡൽഹി: ഡല്‍ഹിയിലെ എല്ലാ തെരുവ് നായ്ക്കളേയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും കൃത്യമായ ഷെൽറ്ററുകളിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ഇതിനെതിരെ ഏതെങ്കിലും സംഘടന ഇടപെടൽ നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. പേവിഷബാധയുള്ള നായകളുടെ ശല്യം അധികമാകുന്നതും ഒരുപാട് പേരെ അക്രമിക്കുന്നതും മരണമുണ്ടാകുന്നതും പതിവായതിന്റെ പശ്ചാത്തലത്തിലാണ് അതിപ്രധാനമായ ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
പ്രായവ്യത്യാസമില്ലാതെ നിരവധി പേരാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നത്. ജസ്റ്റിസ് പാര്‍ഡിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംഭവത്തില്‍ വാദം കേള്‍ക്കുന്നത്. കേന്ദ്രത്തിന്‍റെ അഭിപ്രായങ്ങളും എതിര്‍വാദങ്ങളും മുഖവിലക്കെടുക്കും. എന്നാല്‍ നായപ്രേമികളോ അല്ലെങ്കില്‍ മറ്റുതരത്തിലോ ഉള്ള ആരുടേയും വാദങ്ങള്‍ കേള്‍ക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
'ഇത് ഞങ്ങൾക്ക് വേണ്ടിയല്ല, സമൂഹത്തിന്റെ നല്ലതിന് വേണ്ടിയാണ്. ഒരു തരത്തിലുമുള്ള സെന്റിമെൻസും ഉത്തരവിൽ മുഖവിലക്കെടുക്കുകയില്ല. തെരുവ് നായ പ്രശ്നത്തിൽ നടപടി എത്രയും പെട്ടെന്ന് തന്നെ എടുക്കണം'- ജസ്റ്റിസ് പാർഡിവാല പറഞ്ഞു. എല്ലാ പ്രദേശത്ത് നിന്നും നായകളെ എടുത്ത് ദൂരെ സ്ഥലങ്ങളിലേക്ക് മാറ്റുക. കുറച്ച് സമയത്തേക്ക് നിയമമൊക്കെ മറക്കുക. തെരുവ് നായ ഭീഷണി ഒഴിവാക്കേണ്ടത് സംബന്ധിച്ച് പുലർത്തേണ്ട നടപടിയെ കുറിച്ച് കോടതിയോട് വിശദീകരിച്ച അമിക്യസ് ക്യൂറി ഗൗരവ് അഗർവാലയോട് ജസ്റ്റിസ് പാർഡിവാല പറഞ്ഞു.
'തെരുവ് നായ്ക്കളെ ഒഴിവാക്കുന്നതിനായി ഡൽഹിയിൽ പ്രത്യേക സ്ഥലം കണ്ടെത്തിയിട്ടുണ്ടായിരുന്നു. ആ ലക്ഷ്യം മൃഗസ്നേഹികൾ തടസ ഹർജി നേടിയതോടെ നടക്കാതെ പോവുകയായിരുന്നു- വിഷയത്തിൽ, അഭിപ്രായം ആരാഞ്ഞ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു
രൂക്ഷ ഭാഷയിലായിരുന്നു ജഡ്ജി ഇതിനോട് പ്രതികരിച്ചത്. പേവിഷബാധയ്ക്ക് കീഴടങ്ങേണ്ടി വന്നവരെ ഈ മൃഗസ്നേഹികൾ തിരിച്ചുനൽകുമോ ?-പാർഡിവാല ചോദിച്ചു .തെരുവുകളെ പൂർണമായി തെരുവ് നായവിമുക്തമാക്കേണ്ടതുണ്ട് . തെരുവ് നായകളെ ദത്തെടുക്കാനും ഇനി മുതൽ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി
അതേസമയം, കേരളത്തിലും വലിയ തോതിലാണ് തെരുവ് നായകളുടെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെയടക്കമാണ് നായകൾ ആക്രമിക്കുകയുണ്ടായത്. പലരും ആശുപത്രിയില്‍ ചികിത്സ തേടി. പേവിഷബാധ വാക്സിൻ എടുത്തിട്ട് പോലും ചിലരില്‍ മരണമുണ്ടാവുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ സുപ്രീംകോടതി വിധി കൂടുതല്‍ പ്രസക്തമാവുകയാണ്.









0 comments