മുംബൈ ട്രെയിൻ സ്ഫോടനം: പ്രതികളെ വെറുതെ വിട്ട വിധിയ്ക്ക് സ്റ്റേ

മുംബൈ: മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെ വെറുതെ വിട്ട മുംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. സ്റ്റേ ഉത്തരവ് പ്രതികളെ ജയിൽ മോചിതരാക്കുന്നതിനെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. 12 പ്രതികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
പ്രതികൾക്കെതിരെ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് മുംബൈ ഹൈക്കോടതി പ്രതികളെ വെറുതെവിട്ടത്. 2006 ജൂലൈയിൽ നടന്ന സ്ഫോടനത്തിൽ 186 പേർ മരിക്കുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റ് ചെയ്ത 12 പേരെ 2015 ഒക്ടോബറിലാണ് കീഴ്ക്കോടതി ശിക്ഷിച്ചത്. അഞ്ചു പേർക്ക് വധശിക്ഷയും ഏഴ് പേർക്കു ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. 2006 ജൂലൈ 11ന് ഏഴ് ലോക്കൽ ട്രെയിനുകളിലായിരുന്നു നഗരത്തെ നടുക്കിയ സ്ഫോടന പരമ്പരയുണ്ടായത്.
പശ്ചിമ റെയിൽവേക്കു കീഴിലെ വെസ്റ്റേൺ ലോക്കൽ ലൈനിലായിരുന്നു സ്ഫോടനങ്ങൾ. പ്രഷർ കുക്കർ ബോംബുകളാണ് ഉപയോഗിച്ചിരുന്നത്. വൈകിട്ട് 6.24നു ഖാർറോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്ഫോടനം. ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്‌ലി എന്നിവിടങ്ങളിലായിരുന്നു തുടർസ്ഫോടനങ്ങൾ.








0 comments