സ്വപ്നം, അടച്ചുറപ്പുള്ള നാല് ചുവരുകളായി

ലൈഫ് പദ്ധതി പ്രകാരം കൊല്ലം വെറ്റിലത്താഴത്ത് നിർമിച്ച വീട്
എസ് അനന്ദ വിഷ്ണു
Published on Nov 25, 2025, 12:26 AM | 2 min read
കൊല്ലം
സ്വപ്നങ്ങള്‍ക്ക് ചിലപ്പോള്‍ ചിറക് മുളയ്‌ക്കും. ചില സ്വപ്നങ്ങള്‍ രണ്ടുമുറിയും അടുക്കളയുമുള്ള നാല് ചുവരുകളായി മാറും. അത്തരമൊരു സ്വപ്നത്തിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ ആരുടെ കണ്ണുകളാണ് നിറയാത്തത്... ലൈഫ് ഭവന പദ്ധതിയില്‍ ലഭിച്ച വീടിനുമുമ്പില്‍നിന്ന് ഡീസന്റ് ജങ്‌ഷൻ സ്വദേശി കെ എസ് സുനിൽകുമാര്‍ ചിരിക്കുന്നു. ആ ചിരിയിലും നിറയുന്നത് കണ്ണീരിന്റെ തിളക്കം. 2024ൽ ആണ് ലൈഫ് പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ സുനിൽകുമാറിന്റെ പേര് വരുന്നത്. 2025 ജനുവരിയിൽ വീട് പാലുകാച്ചൽ നടത്തി താമസം മാറി. 90 വയസ്സുള്ള അമ്മ കോമളവും കശുവണ്ടിത്തൊഴിലാളിയായ ഭാര്യ കലയും വിദ്യാർഥികളായ രണ്ടുമക്കളും അടങ്ങുന്ന കുടുംബം ഇപ്പൊ ഏറെ സന്തോഷത്തിലാണ്. രണ്ടുമുറിയും ഹാളും അടുക്കളയും വർക്ക് ഏരിയയും ഉൾപ്പെടുന്ന അതിമനോഹര ഭവനത്തിന്റെ മുന്നിൽനില്‍ക്കുമ്പോള്‍ അഭിമാനമേറെ. ലൈഫ് മിഷൻ പ്രവർത്തനങ്ങളിലൂടെ സുനിൽകുമാർ ഉൾപ്പെടെ ജില്ലയിൽ 40,500 കുടുംബങ്ങളെയാണ് ഇടതുസർക്കാർ ചേർത്തുപിടിച്ചത്. കൂടാതെ 1382 വീട് നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഒന്നാം ഘട്ടത്തിൽ 3618 വീടും രണ്ടാം ഘട്ടത്തിൽ 8546, മൂന്നാം ഘട്ടത്തിൽ 4972 വീടുകളും പൂർത്തിയാക്കി. 2020ലെ ലിസ്റ്റിൽ 7030 വീട് പൂർത്തിയാക്കുകയും ഭൂരഹിത ഭവനരഹിതരിൽ 246 പേർ വീടുകൾ വയ്ക്കുകയുംചെയ്തു. എസ്‌സി/എസ്ടി/ഫിഷറീസ് വകുപ്പുകളിൽനിന്ന് 2860 ഗുണഭോക്താക്കൾ കരാർ വയ്ക്കുകയും 2343 വീട് നിർമിക്കുകയുംചെയ്തു. പിഎംഎവൈ (റൂറൽ) 3930 ഗുണഭോക്താക്കൾ കരാർ വച്ചു. പിഎംഎവൈ (അർബൻ) 9455 ഗുണഭോക്താക്കൾ കരാർ വയ്ക്കുകയും 7673 വീട് പൂർത്തിയാക്കുകയുംചെയ്തു. വിവിധ വകുപ്പുകൾ മുഖേന -3072 വീട് പൂർത്തിയാക്കുന്നതിനും ഈ കാലയളവിൽ സാധിച്ചു. 2024– -2025 സാമ്പത്തിക വർഷം 3181 വീടിന്റെ നിർമാണം പൂർത്തിയാക്കി. ജില്ലാ പഞ്ചായത്ത് ഭരണസമിതി കാലയളവിൽ പിഎംഎവൈ -ലൈഫ് പദ്ധതിക്കായി ജനറൽ വിഭാഗത്തിന് കഴിഞ്ഞ അഞ്ച് വർഷത്തിൽ 34,42,33,556 രൂപ അനുവദിച്ചതിൽ 34,24,53,201 രൂപ ചെലവഴിച്ചു. പട്ടികജാതി വിഭാഗത്തിന് 36,37,15,985 രൂപ അനുവദിച്ചതിൽ 27,36,40,624 രൂപ ചെലവഴിച്ചു. പട്ടികവർഗ വിഭാഗത്തിന് 47,19,000 രൂപ അനുവദിച്ചതിൽ 44,17,000 രൂപ ചെലവഴിച്ചു. ഈ തുക ഉപയോഗിച്ച് മുന്നൂറോളം കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകി. ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിനായി പുനലൂർ മുനിസിപ്പാലിറ്റിയിൽ 44 ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കി വിതരണംചെയ്‌തു. കൂടാതെ അഞ്ചലിൽ 63 യൂണിറ്റിന്റെ ഫ്ലാറ്റ് നിർമാണം പുരോഗമിക്കുന്നു. ഏഴുനിലയിലായി നിർമാണം നടക്കുന്ന ഫ്ലാറ്റിന്റെ കോൺക്രീറ്റ് കഴിഞ്ഞു. പാർട്ടീഷൻ പ്രവർത്തനങ്ങൾ പുരോഗതിയിലാണ്.








0 comments