ഗൂഢനീക്കത്തിന് തട


എം അഖിൽ
Published on Sep 16, 2025, 12:40 AM | 1 min read
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിലെ ചില ജനാധിപത്യവിരുദ്ധ വ്യവസ്ഥകൾ സ്‌റ്റേ ചെയ്‌ത സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് കേന്ദ്രസർക്കാരിന് മുഖത്തേറ്റ പ്രഹരം. ഒരോ മതവിഭാഗങ്ങൾക്കും സ്വന്തം മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശങ്ങൾ നൽകുന്ന ഭരണഘടനയുടെ 26–ാം അനുച്ഛേദം അട്ടിമറിച്ച നിയമത്തിന്റെ കൊന്പും പല്ലും പറിക്കുന്ന നിർദേശങ്ങളാണ് ഉത്തരവിലുള്ളത്. രാജ്യത്തുടനീളം ലക്ഷകണക്കിന് ഏക്കറുകളിൽ വ്യാപിച്ച് കിടക്കുന്ന വഖഫ് ആസ്‌തികൾ കവരാനുള്ള ഗൂഢനീക്കത്തെ ഒരുപരിധി വരെ തടയിടുന്നതാണ് കോടതി ഇടപെടൽ.
കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ്‌ബോർഡുകളിലും ഇതര മതസ്ഥരെ കുത്തിനിറച്ച് ഇസ്ലാംമതസ്ഥരുടെ അവകാശങ്ങൾ ഹനിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കവും പൊളിച്ചു. വഖഫ് കൗൺസിലിലെ 22 അംഗങ്ങളിൽ 12 പേർ (എക്‌സ് ഒഫീഷ്യോ അംഗങ്ങൾ ഉൾപ്പടെ) ഇതര മതവിഭാഗങ്ങളിൽ നിന്നാകാമെന്ന വ്യവസ്ഥയിൽ കാതലായ മാറ്റങ്ങൾ വരുത്തിയാണ് എണ്ണം നിയന്ത്രിച്ചത്. പുതിയ നിയമത്തിന്റെ പേരിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജില്ലാ അധികൃതരുടെ നേതൃത്വത്തിൽ വഖഫ് ആസ്‌തികൾ ‘തർക്കഭൂമി’യാക്കി പിടിച്ചെടുക്കാൻ ഉൗർജിതമായ നീക്കങ്ങൾ തുടങ്ങിയിരുന്നു. തർക്കമുന്നയിക്കപ്പെടുന്ന വഖ-ഫ് വസ്‌തുക്കളുടെ പദവി റദ്ദാക്കാൻ ജില്ലാ കലക്‌ടർക്ക് അധികാരം നൽകുന്ന വ്യവസ്ഥ ആയുധമാക്കിയായിരുന്നു നീക്കം. കലക്ടർമാർക്കും മറ്റും പരിധികളില്ലാത്ത അധികാരം നൽകുന്നത് കോടതികളെയും ട്രിബ്യൂണലുകളെയും നോക്കുകുത്തിയാക്കുമെന്നത് തടയിടുന്നതാണ് സുപ്രീംകോടതി ഇടപെടൽ.
വഖഫ് സമർപ്പിക്കാൻ ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും ഇസ്ലാം മതാചാരം പിന്തുടരണമെന്ന പുതിയ നിയമത്തിലെ പരിഹാസ്യമായ വ്യവസ്ഥയും സ്‌റ്റേ ചെയ്‌തു. പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ ചർച്ചയ്‌ക്ക് വന്നപ്പോൾ ഇരുസഭകളിലും എംപിമാർ ഇൗ വ്യവസ്ഥയെ ശക്തമായി ചോദ്യംചെയ്‌തിരുന്നു.
ഭാഗിക ആശ്വാസം: ബ്രിട്ടാസ്
വഖഫ് ഭേദഗതി നിയമത്തിലെ ഇടക്കാല ഉത്തരവ് ഭാഗികമായ ആശ്വാസമെന്ന് സിപിഐ എം രാജ്യസഭ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്. വഖഫ് ബോർഡുകളെ റാഞ്ചിയെടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ബിൽ പാർലമെന്റിൽ കൊണ്ടുവന്നപ്പോൾതന്നെ ഇത് നിയമത്തിന്റെ പരിശോധനയിൽ നിലനിൽക്കില്ലെന്ന് തങ്ങൾ പറഞ്ഞിരുന്നു. ബില്ലിലെ ചില വിവാദ വ്യവസ്ഥകളാണ് ഇപ്പോൾ സുപ്രീംകോടതി സ്റ്റേചെയ്‌തിരിക്കുന്നത്. അന്തിമവിധി വരുന്പോൾ മറ്റ് വിവാദ വ്യവസ്ഥകളും സ്റ്റേചെയ്യുമെന്ന് കരുതുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.









0 comments