ഒരാളെ എത്രകാലം വിചാരണ കൂടാതെ ജയിലിൽ ഇടും? ചോദ്യവുമായി സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Sep 25, 2025, 08:04 AM | 1 min read
ന്യൂഡൽഹി: വിചാരണകൂടാതെ ഒരാളെ എത്രകാലം ജയിലിടിടുമെന്ന് മഹാരാഷ്‌ട്ര സർക്കാരിനോട് സുപ്രീംകോടതി. ഗഡ്ചിരോളിയിലെ സൂരജ്ഗഡിൽ 2016ൽ നടന്ന തീവയ്‍പ് സംഭവത്തിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുന്ന ദളിത് അവകാശ പ്രവർത്തകൻ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ചോദ്യം. വിചാരണ തുടങ്ങാൻ എന്തുകൊണ്ട് കാലതാമസം നേരിടുന്നു എന്നതടക്കം ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, വിജയ് ബിഷ്‌ണോയി എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി എഴുതി നൽകണം.
2018ലെ ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രയെ അറസ്റ്റുചെയ്‌തത്. തുടർന്ന് സൂരജ്ഗഡ് സംഭവത്തിലും അറസ്റ്റ് രേഖപ്പെടുത്തി. ആറരവർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ലെന്ന് മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ പറഞ്ഞു. എൻഐഎ ഇലക്‌ട്രോണിക് തെളിവുകൾ സ്ഥാപിച്ച് അദ്ദേഹത്തെ മാവോയിസ്റ്റാക്കുകയാണ്. മെമ്മറി കാർഡുകളുടെ ഹാഷ്‌വാല്യൂ ബോധപൂർവം രേഖപ്പെടുത്തിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
എന്തുതെളിവാണ് ഏജൻസിക്ക് ലഭിച്ചതെന്ന് മഹാരാഷ്‌ട്ര സർക്കാരിനായി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് ബെഞ്ച് ചോദിച്ചു. ഗാഡ്‌ലിങ് എഴുതിയെന്ന് ആരോപിക്കപ്പെടുന്ന കത്ത് രാജു വായിക്കാൻ തുടങ്ങിയപ്പോൾ ഇത് ഭീമാകൊറേഗാവ് കേസിൽ ആരോപിക്കപ്പെടുന്ന തെളിവാണെന്ന് ഗ്രോവർ ഖണ്ഡിച്ചു. തുടർന്നാണ് എന്തുകൊണ്ട് വിചാരണ വൈകുന്നു എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബെഞ്ച് നിർദേശിച്ചത്.









0 comments