കീമിൽ സ്റ്റേ ഇല്ല; ഈ വർഷം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

keam exam supreme court of india
വെബ് ഡെസ്ക്

Published on Jul 16, 2025, 12:30 PM | 2 min read

ന്യൂഡൽഹി: കേരള എൻജിനിയറിങ്‌, ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് (കീം) പ്രവേശന നടപടിയിൽ ഈ വർഷം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. പരീക്ഷയുടെ ആദ്യ റാങ്ക്‌പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പ്രവേശനം അനിശ്ചിതത്വത്തിലാക്കില്ലെന്ന് അറിയിച്ച കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരി​ഗണിക്കുമെന്ന് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.


ഇത്തവണത്തെ അഡ്മിഷൻ പ്രക്രിയ വൈകാതിരിക്കാൻ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. ആ​ഗസ്ത് 14നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അപ്പീല്‍ നല്‍കിയാല്‍ പ്രവേശന നടപടികള്‍ വൈകിയേക്കുമെന്നും, എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.


സർക്കാർ നടപ്പാക്കിയ പുതിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വി്ദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായി.


ഈ മാസം ഒന്നിന്‌ പുതിയ ഏകീകരണ ഫോർമുലയുടെ അടിസ്ഥാനത്തിൽ കീം പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ സിലബസിലെയും വിദ്യാർഥികൾക്ക് തുല്യരീതിയിൽ മാർക്ക് വരുമെന്നതായിരുന്നു പുതിയ ഫോർമുലയുടെ പ്രത്യേകത. എന്നാൽ സിബിഎസ്ഇ വിദ്യാർഥി അടക്കമുള്ളവർ നൽകിയ ഹർജിയിൽ ഹൈക്കോടതി റാങ്ക്പട്ടിക റദ്ദാക്കി. തുടർന്ന്‌ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ, റാങ്ക്‌ പട്ടിക റദ്ദാക്കിയ സിം​ഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. ഇതോടെ വിദ്യാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനും അനിശ്ചിതാവസ്ഥ ഒഴിവാക്കാനും പഴയ മാനദണ്ഡപ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. തുടർന്നാണ് ഹൈക്കോടതി സ്വാഭാവികനീതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി 15 കേരള സിലബസ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്


കീം മാർക്ക്‌ ഏകീകരണത്തിൽ അടുത്ത അധ്യയന വർഷം പുതിയ ഫോർമുല നടപ്പാക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന്‌ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.


പഴയ ഫോർമുല


ഹയർസെക്കൻഡറിയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌ വിഷയങ്ങളിലെ മാർക്ക് കീമിന്റെ സ്കോറും ചേർത്തായിരുന്നു ഏകീകരണം. ഓരോ പരീക്ഷ ബോർഡുകളിലും ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌ എന്നിവയിൽ അതത്‌ വിഷയങ്ങളിൽ വിദ്യാർഥികൾ നേടിയ മാർക്ക്‌ മൊത്തത്തിൽ ശേഖരിക്കും. ഇതിൽ നിന്ന്‌ ആ ബോർഡിലെ വിദ്യാർഥികളുടെ മാർക്കിന്റെ അന്തരം നിർണയിക്കുന്നതിന്‌ സ്റ്റാൻഡേർഡ്‌ ഡീവിയേഷൻ, ഗ്ലോബൽ മീൻ എന്നീ മാനകം കണ്ടെത്തും.


ഇതനുസരിച്ച്‌ പ്രത്യേക സമവാക്യം അടിസ്ഥാനമാക്കി പ്ലസ്‌ ടു മാർക്ക്‌ ഏകീകരിക്കും. മറ്റു ബോർഡുകളെ അപേക്ഷിച്ച്‌ കേരള സിലബസിലുള്ള കുട്ടികളുടെ മാർക്കിന്റെ അന്തരത്തിലെ തോത്‌ ഉയർന്ന നിലയിലായിരിക്കും. അതുകൊണ്ട്‌ തന്നെ കേരള സിലബിസിലുള്ള കുട്ടികൾക്ക്‌ പ്ലസ്‌ ടു മാർക്ക്‌ പരിഗണിക്കുമ്പോൾ സിബിഎസ്ഇ വിദ്യാർഥികളെക്കാൾ മാർക്ക് കുറയും. മൂന്നു വിഷയങ്ങളുടെയും മാർക്ക്‌ തുല്യ അനുപാതത്തിൽ (1:1:1) പരിഗണിച്ചായിരുന്നു ഏകീകരണം.


പുതിയ ഫോർമുല


ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്‌ എന്നിവയുടെ മാർക്കാണ്‌ ഏകീകരണത്തിന്‌ പരി​ഗണിക്കുന്നത്. ഈ വിഷയങ്ങളിൽ ഓരോ പരീക്ഷാ ബോർഡിലെയും ഉയർന്ന മാർക്ക് കണ്ടെത്തി ഇത്‌ നൂറിലാക്കും. അതായത് ഒരു ബോർഡിലെ ഉയർന്ന മാർക്ക് 95 ആണെന്നിരിക്കെ വിദ്യാർഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്ക് ലഭിച്ചാൽ അതിനെ നൂറായി കൺവേർട്ട് ചെയ്യും. ഇതുവഴി 70 മാർക്ക് 73.68 ആകും. (70÷95)x100=73.68. എൻജിനീയറിങ് റാങ്ക് പട്ടികക്ക് പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഇങ്ങനെ ഏകീകരിക്കും.


ഏകീകരണത്തിലൂടെ മാത്‌സ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി വിഷയങ്ങൾക്ക്‌ ലഭിക്കുന്ന മാർക്ക് 5:3:2 അനുപാതത്തിലാണ് റാങ്ക് പട്ടികയിൽ പരിഗണിക്കുന്നത്. ഇതു വഴി മാത്‌സിൽ ഉയർന്ന മാർക്ക്‌ കിട്ടുന്ന കുട്ടിക്ക്‌ മുൻതൂക്കം ലഭിക്കും. എൻജിനീയറിങിൽ മാത്‌സിന്‌ കൂടുതൽ പരിഗണന ആവശ്യമായതിനാലാണിത്‌.


കീം പരീക്ഷയിലും ഇതേ അനുപാതത്തിലാണ്‌ ചോദ്യങ്ങൾ. ആകെ 150 ചോദ്യങ്ങളിൽ 75 ചോദ്യം മാത്‌സും 45 എണ്ണം ഫിസിക്‌സും 30 എണ്ണം കെമിസ്‌ട്രിയും.



deshabhimani section

Related News

View More
0 comments
Sort by

Home