ലക്ഷ്യ സെന്നിന് ആശ്വാസം; വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ബാഡ്മിന്റൺ താരം ലക്ഷ്യ സെന്നിനെതിരായ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കുടുംബാംഗങ്ങൾക്കും പരിശീലകനും എതിരെയുള്ള കേസുകളും റദ്ദാക്കി.
ലക്ഷ്യ സെന്നിന്റെയും സഹോദരൻ ചിരാഗ് സെന്നിന്റെയും ജനന സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആരോപിച്ച കർണാടക സർക്കാരിനും പരാതിക്കാരനായ എം ജി നാഗരാജിനും സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ലക്ഷ്യ സെന്നിനെതിരെ ക്രിമിനൽ നടപടികൾ തുടരുന്നത് അനാവശ്യമാണെന്നും അത് കോടതി നടപടിക്രമങ്ങളുടെ ദുരുപയോഗമാണെന്നും ബെഞ്ച് പറഞ്ഞു.
ലക്ഷ്യ സെന്നും കുടുംബാംഗങ്ങളും പരിശീലകൻ യു വിമൽ കുമാറും സമർപ്പിച്ച ഹർജികൾ ഫെബ്രുവരി 19ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കവെയാണ് ഇവർക്കെതിരായ കേസ് റദ്ദാക്കിയത്.
ലക്ഷ്യ സെന്നിന്റെ ജനന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്ന് ആരോപിച്ച് നാഗരാജ് എന്ന വ്യക്തി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ലക്ഷ്യ സെന്നിന്റെ മാതാപിതാക്കളായ ധീരേന്ദ്ര സെൻ, നിർമ്മല സെൻ, സഹോദരൻ ചിരാഗ്, പരിശീലകൻ, കർണാടക ബാഡ്മിന്റൺ അസോസിയേഷന്റെ ജീവനക്കാരൻ എന്നിവർക്കെതിരെയായിരുന്നു കേസ്.









0 comments