വീട്ടിൽ പണക്കൂമ്പാരം; ജഡ്‌ജിയുടെ വീട്ടിൽ പരിശോധന നടത്തി

ന്യൂഡൽഹി :ഡൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ വീട്ടിനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം തുടങ്ങി. സമിതിയംഗങ്ങൾ ബുധൻ ഉച്ചയോടെ യശ്വന്ത് വർമയുടെ വീട്ടിലെത്തി പരിശോധന നടത്തി.
തീപിടുത്തത്തിന് പിന്നാലെ പണച്ചാക്കുകൾ കണ്ടെത്തിയ സ്‌റ്റോർറൂം പരിശോധിച്ച് വിവരങ്ങൾ രേഖപ്പെടുത്തി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്‌ജി അനു ശിവരാമൻ എന്നിവരുൾപ്പെട്ട സമിതിയാണ് പരിശോധനക്കെത്തിയത്. സമിതിക്ക് മുന്നിൽ ഹാജരാകാൻ യശ്വന്ത് വർമയ്‌ക്ക് ഉടൻ നോട്ടീസ് നൽകും.
യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേയ്‌ക്ക് സ്ഥലം മാറ്റാനുളള സുപ്രീംകോടതി കൊളീജിയം തീരുമാനത്തിനെതിരായുള്ള അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ പ്രതിഷേധം കൂടുതൽ ശക്തമായി. ചൊവ്വാഴ്‌ച മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സ്ഥലംമാറ്റം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരി പറഞ്ഞു.









0 comments