വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ അതല്ലാതായി മാറ്റരുത്: സുപ്രീംകോടതി

ന്യൂഡൽഹി: വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ അതല്ലാതായി മാറ്റരുതെന്ന് (ഡീനോട്ടിഫൈ) സുപ്രീംകോടതി. വഖഫ് ഭേദഗതിക്കെതിരെ നൽകിയ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദേശം. 140ഓളം ഹർജികളാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ വന്നിട്ടുള്ളത്. ഇതിൽ ആദ്യം സമർപ്പിച്ച പത്ത് ഹർജികളിൽ നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
ഇന്ന് നടന്ന വാദത്തിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ക്ഷേത്രങ്ങളുടെ ഭരണസമിതികളിൽ മുസ്ലീങ്ങളെ കേന്ദ്രം അനുവദിക്കുമോ എന്ന് കോടതി ചോദിച്ചു.
ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടീഫൈ ചെയ്യരുത് എന്നാണ് സുപ്രീംകോടതിയുടെ പ്രധാന നിർദേശം. വഖഫ് ബോർഡിലേയും കൗൺസിലിലേയും അംഗങ്ങളെ സംബന്ധിച്ചും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. എക്‌സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ ബാക്കി അംഗങ്ങളെല്ലാം മുസ്ലീങ്ങൾ ആയിരിക്കണമെന്ന് കോടതി പറഞ്ഞു.
കലക്‌ടർമാർക്ക് വഖഫ് ഭൂമിയെ സംബന്ധിച്ച അന്വേഷണം നടത്താമെന്ന് പാർലമെന്റ് പാസാക്കിയ ഭേദഗതിയിൽ പറയുന്നുണ്ട്. എന്നാൽ വഖഫ് ഭൂമി സർക്കാർ ഭൂമിയാണോ എന്ന് കലക്ടർ അന്വേഷണം നടത്തുമ്പോൾ തന്നെ അത് വഖഫ് ഭൂമി അല്ലാതായി മാറുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.









0 comments