കേന്ദ്രത്തിന് കനത്ത തിരിച്ചടി; വഖഫിൽ തൽസ്ഥിതി തുടരണം– സുപ്രീംകോടതി

ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. വഖഫ് ബോർഡിലും കേന്ദ്ര വഖഫ് കൗൺസിലിലും എക്‌സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാ അംഗങ്ങളും മുസ്ലിങ്ങളായിരിക്കണം എന്ന ഉത്തരവും സുപ്രീംകോടതി പുറപ്പെടുവിച്ചു. കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാനും കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വഖഫ് ഭൂമിയെക്കുറിച്ച് കലക്‌ടർമാർക്ക് അന്വേഷണം നടത്താൻ അധികാരം നൽകുന്ന നിയമഭേദഗതി വ്യവസ്ഥയും സുപ്രീംകോടതി മരവിപ്പിച്ചു. കലക്‌ടർമാർക്ക് വഖഫ് ഭൂമിയെ സംബന്ധിച്ച അന്വേഷണം നടത്താമെന്ന് നിയമ ഭേദഗതിയിൽ പറയുന്നുണ്ട്. എന്നാൽ വഖഫ് ഭൂമി സർക്കാർ ഭൂമിയാണോ എന്ന് കലക്ടർ അന്വേഷണം നടത്തുമ്പോൾ തന്നെ അത് വഖഫ് ഭൂമി അല്ലാതായി മാറുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.
വഖഫ് ഭേദഗതിക്കെതിരെ നൽകിയ ഹർജികൾ പരിഗണിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വഖഫ് ഭേദഗതി പൂർണമായും സ്‌റ്റേ ചെയ്യില്ല എന്നും സുപ്രീംകോടതി അറിയിച്ചു.
140ഓളം ഹർജികളാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ വന്നിട്ടുള്ളത്. ഇതിൽ അഞ്ച് ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. മെയ് അഞ്ചിനാണ് കേസ് വീണ്ടും പരിഗണിക്കുക.









0 comments