"150 രൂപ എന്തിന്? റോഡ് എത്ര പരിതാപകരമാണ്"; പാലിയേക്കര ടോളിൽ കേന്ദ്രത്തോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

ന്യൂഡൽഹി: പാലിയേക്കര ടോൾ ദുരിതത്തിൽ കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. 150 രൂപ ടോൾ മുടക്കി എന്തിനാണ് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ജനങ്ങൾ യാത്ര ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു. 12 മണിക്കൂറോളമുണ്ടായ ഗതാഗതക്കുരുക്കിനെക്കുറിച്ച് മലയാള മാധ്യമങ്ങളുടെ റിപ്പോർട്ടുകളും കോടതി ചൂണ്ടിക്കാട്ടി. പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ)യുടെ അപ്പീൽ പരിഗണിക്കവെ ആയിരുന്നു കോടതിയുടെ വിമർശനം.
ദേശീയപാതയിൽ ഒരു ലോറി മൂലമുണ്ടായ യാത്രാദുരിതം എത്രയെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രൻ ചോദിച്ചു. റോഡിന്റെ അവസ്ഥ എത്ര പരിതാപകരമാണ്, അതാണ് പ്രധാന പ്രശ്നം. ജഡ്ജി ആയതുകൊണ്ട് തനിക്ക് ടോൾ കൊടുക്കേണ്ട, ജനങ്ങളുടെ കാര്യം അതല്ലെന്നും വിനോദ് ചന്ദ്രൻ വ്യക്തമാക്കി.
എന്നാൽ മഴ കാരണം റിപ്പയർ നടന്നില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രതികരണം. ഉപകരാർ കമ്പനിയാണ് നിർമാണം പൂർത്തിയാക്കേണ്ടതെന്നും, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും കരാർ കമ്പനി ആവശ്യപ്പെട്ടു. ഗതാഗത തടസ്സങ്ങൾ ഉണ്ടെങ്കിൽ എൻഎച്ച്എഐയോ കരാറുകാരോ പരിഹരിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. അപ്പീലിൽ വാദം പൂർത്തിയായതോടെ ഉത്തരവ് പറയാൻ മാറ്റി.









0 comments