ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; റിപ്പോർട്ടും ദൃശ്യങ്ങളും പുറത്തുവിട്ട് സുപ്രീംകോടതി

ന്യൂഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ടും കത്തിക്കരിഞ്ഞ പണത്തിന്റെ ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തുവിട്ടു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവിട്ടതി. ആരോപണത്തിനുള്ള യശ്വന്ത് വർമയുടെ മറുപടിയും സുപ്രീംകോടതി ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നടപടികളിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സുപ്രീംകോടതിയുടെ നീക്കം.
സുപ്രീംകോടതി കൊളീജിയം അംഗങ്ങളായ ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സുര്യകാന്ത്, ജസ്റ്റിസ് എ എസ് ഓഖ, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് റിപ്പോർട്ട് പരസ്യമാക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. കത്തിയ നോട്ടുകെട്ടുകളുടെ ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടു.
കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഷീൽ നാഗു(പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജി എസ് സന്ധാവാലിയ(ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്) എം എസ് അനു ശിവരാമൻ(കർണാടക ഹൈക്കോടതി ജഡ്ജി) എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുക.
ജസ്റ്റിസ് യശ്വന്ത് വർമ്മയെ ജുഡീഷ്യൽ ജോലികൾ ഏൽപ്പിക്കരുതെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് തൽക്കാലം ആവശ്യപ്പെട്ടിട്ടുണ്ട്. ഹോളി ആഘോഷം നടക്കുന്ന ദിവസമാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയാണ് രക്ഷാ പ്രവർത്തനത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടുകൾ വീട്ടിൽ അടുക്കിവെച്ചതായി കണ്ടെത്തിയത്. യശ്വന്ത് വർമ്മ ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല.
പണം കണ്ടെത്തിയ വിവരം പുറത്തായി എങ്കിലും ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പിന്നീട് തിടുക്കപ്പെട്ട് ഈ വിവരം നിഷേധിക്കയാണുണ്ടായത്. രാത്രി 11.30 ഓടെയാണ് തീപിടിത്തം ഉണ്ടാവുന്നത്. ആദ്യം എത്തുന്നത് പൊലീസ് സംഘമാണ്. അവരും നോട്ടുകെട്ടുകൾ നിറച്ചു വെച്ചതിന് സാക്ഷികളായി. മാത്രമല്ല അഗ്നിരക്ഷാ സേന എടുത്ത വീഡിയോയും ചിത്രങ്ങളും ചീഫ് ജസ്റ്റീസിന് കൈമാറുകയും ചെയ്തു.









0 comments