print edition ചീഫ് ജസ്റ്റിസ് ബി ആർ ഗവായി നാളെ വിരമിക്കും ; യാത്രയയപ്പ് നൽകി സുപ്രീംകോടതി

ന്യൂഡൽഹി
സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് പദവിയിൽനിന്ന് ജസ്റ്റിസ് ഭൂഷൺ ആർ ഗവായി ഞായറാഴ്‌ച വിരമിക്കും. സുപ്രീംകോടതിയിലെ അവസാനപ്രവൃത്തി ദിനമായ വെള്ളിയാഴ്‌ച നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ച് യോഗം ചേർന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. മെയ് 14നാണ് രാജ്യത്തിന്റെ 52–ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
ആറുമാസത്തോളം പദവിയിൽ തുടർന്നു. ദളിത് വിഭാഗത്തിൽനിന്ന് ചീഫ് ജസ്റ്റിസായ രണ്ടാമത്തെ വ്യക്തിയാണ്. ബുദ്ധമത വിശ്വാസിയായ ആദ്യ ചീഫ് ജസ്റ്റിസുമാണ്.
1985 മാര്‍ച്ചിൽ അഭിഭാഷകനായി. 2005ൽ നവംബറിൽ ബോംബെ ഹൈ
ക്കോടതി സ്ഥിരം ജഡ്‌ജായി. 2019ൽ സുപ്രീംകോടതി ജഡ്‌ജായി.
യുവ അഭിഭാഷകരെ പ്രോത്സാഹിപ്പിച്ച ചീഫ് ജസ്റ്റിസാണ് ഗവായി എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അഡ്വക്കേറ്റ് ജനറൽ ആർ വെങ്കിട്ടരമണി, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തുടങ്ങിയവര്‍ സംസാരിച്ചു. പൂർണ സംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്ന് ബി ആർ ഗവായി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഗവര്‍ണര്‍ക്കും രാഷ്‌ട്രപതിക്കും ബില്ലുകളിൽ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിയിൽ രാഷ്‌ട്രപതി നൽകിയ റഫറൻസിനുള്ള മറുപടി അടക്കമുള്ള ഇടപെടലുകള്‍ ഗവായി ചീഫ് ജസ്റ്റിസായിരിക്കെ നടത്തി. ഒക്‌ടോബർ ആറിന് തീവ്ര ഹിന്ദുത്വവാദി രാകേഷ് കിഷോർ കോടതി മുറിയിൽ ഗവായിയെ ഷൂ എറിയാൻ ശ്രമിച്ചെങ്കിലും അക്രമിക്കെതിരെയുള്ള നടപടികൾ അദ്ദേഹം ഒഴിവാക്കി.









0 comments