നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ഹർജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സിബിഐക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിശദമായ വാദം കേട്ടാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. 2024 ഒക്ടോബർ 15നായിരുന്നു നവീൻ ബാബുവിന്റെ മരണം. ജനുവരി ആറിനാണ് സിബിഐ അന്വേഷണാവശ്യം ഹൈക്കോടതി തള്ളിയത്. കേസ് കണ്ണൂർ ഡിഐജിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും എസ്‌ഐടി സുതാര്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
എല്ലാ മികച്ച രീതികളും ഉപയോഗിച്ച് പഴുതുകൾ ഒഴിവാക്കിയാണ് പൊലീസ് ഈ കേസ് അന്വേഷിക്കുന്നതെന്ന് സർക്കാർ ഹെെക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷകസംഘം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.









0 comments