റോഹിങ്ക്യൻ അഭയാർഥികളെ കേന്ദ്രം കടലിൽ എറിഞ്ഞതിന് തെളിവ് നൽകാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി : മ്യാന്മറിലെ പട്ടാളഭരണകൂടത്തിന്റെ കൂട്ടക്കൊലയിൽ നിന്ന് രക്ഷതേടി ഇന്ത്യയിൽ അഭയംപ്രാപിച്ച റോഹിങ്ക്യൻ അഭയാർഥികളെ അന്താരാഷ്‌ട്ര സമുദ്രാതിർക്കപ്പുറം കേന്ദ്രസർക്കാർ കടലിൽ എറിഞ്ഞുവെന്ന ആരോപണത്തിൽ തെളിവ് നൽകണമെന്ന് സുപ്രീംകോടതി. റോഹിങ്ക്യകളെ ഇപ്പോൾ നാടുകടത്തരുതെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സ്‌റ്റേ അനുവദിക്കാനും കോടതി തയ്യാറായില്ല. ജസ്‌റ്റിസുമാരായ സൂര്യകാന്ത്,എൻ കോടീശ്വർ സിങ് എന്നിവരുടേതാണ് നടപടി. അഭയാർഥികളെ പിടികൂടിയ കേന്ദ്രസർക്കാർ അവരെ ആദ്യം ആൻഡമാനിലെത്തിച്ച ശേഷം അവിടെ നിന്ന് അന്താരാഷ്‌ട്ര സമുദ്രാതിർത്തിയിലേയ്‌ക്ക് ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് തള്ളിയെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു. ഇത്തരത്തിൽ നാടുകടത്തപ്പെട്ടർ ഫോൺമുഖേന ഡൽഹിയിലുള്ള ഹർജിക്കാരനെ ഫോൺമുഖേന അറിയിച്ചതാണിത്.
അന്താരാഷ്‌ട്ര മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും നിർബന്ധിത നാടുകടത്തൽ സ്‌റ്റേ ചെയ്യണമെന്നും ഗോൺസാൽവസ് പറഞ്ഞു. എന്നാൽ ഇവ കേവലം കഥകൾ മാത്രമാണെന്ന് ബെഞ്ച് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിൽ നിന്നുള്ള തെളിവുകൾ ഫയൽ ചെയ്യാൻ കഴിയില്ല. കൃത്യമായ തെളിവുകൾ ഹാജരാക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. വസ്‌തുതകൾ ഉണ്ടെങ്കിൽ മനുഷ്യാവകാശ പ്രശ്‌നം മുൻനിർത്തി ഉത്തരവ് നൽകാം –-ബെഞ്ച് അറിയിച്ചു. അവരെ വീണ്ടും യുദ്ധമേഖലയിലേയ്‌ക്ക് പറഞ്ഞയക്കരുതെന്ന് ഗോൺസാൽവസ് വാദിച്ചു. തുടർന്ന് റോഹിങ്ക്യൻ അഭയാർഥികളെ സംബന്ധിച്ചുള്ള മറ്റ് ഹർജികൾ പരിഗണിക്കുന്ന മൂന്നംഗ ബെഞ്ചിലേയ്‌ക്ക് ഈ ഹർജി ലിസ്‌റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി സമ്മതിച്ചു. കേസ് ജൂലൈ 31ന് പരിഗണിക്കും.









0 comments