പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണാ പണ്ഡിറ്റ് അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടിയും പിന്നണി ഗായികയുമായ സുലക്ഷണാ പണ്ഡിറ്റ് അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം. സുലക്ഷണാ പണ്ഡിറ്റിന്റെ സഹോദരനും സംഗീത സംവിധായകനുമായ ലളിത് പണ്ഡിറ്റ് ആണ് വാർത്ത സ്ഥിരീകരിച്ചത്.
ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് സുലക്ഷണയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വൈകുന്നേരം ഏഴ് മണിയോടെയാണ് മരണം. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നു.
1975-ൽ സഞ്ജീവ് കുമാറിനൊപ്പം 'ഉൽജൻ' എന്ന ചിത്രത്തിലൂടെയാണ് സുലക്ഷണാ പണ്ഡിറ്റ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. രാജേഷ് ഖന്ന, ശശി കപൂർ, വിനോദ് ഖന്ന തുടങ്ങി അക്കാലത്തെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം അവർ വേഷമിട്ടു. 'ചെഹരേ പേ ചെഹരാ', 'സങ്കോച്', 'ഹേരാ ഫേരി', 'ഖാൻദാൻ', 'ധരം ഖണ്ഡ' തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.
അഭിനയത്തോടൊപ്പം തന്നെ ഗായിക എന്ന നിലയിലും സുലക്ഷണ ശ്രദ്ധേയമായിരുന്നു. "തു ഹി സാഗർ തു ഹി കിനാര", "പർദേസിയാ തേരെ ദേശ് മേം", "ബേകരാർ ദിൽ ടൂട്ട് ഗയാ", "ബാന്ധി രേ കഹേ പ്രീത്", "സോംവാർ കോ ഹം മിലേ" തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. ഒമ്പതാം വയസ്സിലാണ് സുലക്ഷണ ഗാനാലാപനം ആരംഭിച്ചത്.
ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള സംഗീത പാരമ്പര്യമുള്ള കുടുംബാംഗമാണ് സുലക്ഷണാ പണ്ഡിറ്റ്. പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാസ് അവരുടെ അമ്മാവനായിരുന്നു. സഹോദരൻ മൻധീറിനൊപ്പമാണ് അവർ സംഗീത ജീവിതം ആരംഭിച്ചത്. സംഗീത സംവിധായകരായ ജതിൻ - ലളിത്, മുൻകാല നടി വിജയ്താ പണ്ഡിറ്റ് എന്നിവർ സുലക്ഷണയുടെ സഹോദരങ്ങളാണ്.









0 comments