"സുബീൻ ഗാര്‍ഗിന് മാനേജര്‍ വിഷം നൽകി'

ഗുവാഹത്തി: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബാൻഡ് അംഗം ശേഖര്‍ ജ്യോതി ഗോസ്വാമി. സിംഗപ്പുരില്‍ വച്ച് മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ്മയും പരിപാടിയുടെ സംഘാടകനായ ശ്യാംകനു മഹന്തയും ഗാര്‍ഗിന് വിഷം നൽകിയെന്ന് ഗോസാമി മൊഴി നൽകിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നീന്തൽ വൈദഗ്ധ്യമുള്ള ഗാര്‍ഗിന്റേത് മുങ്ങിമരണമായി കാണാനാകില്ല. അപകടമരണമായി ചിത്രീകരിക്കാൻ ഗൂഢാലോചന നടത്തി. കടലിൽ ഉല്ലാസ നൗകയുടെ നിയന്ത്രണം ശര്‍മ ബലമായി ഏറ്റെടുത്ത് അപകടരമായി ഓടിച്ചു. ഉല്ലാസ നൗകയിലെ വീഡിയോകള്‍ പങ്കുവയ്ക്കരുതെന്നും ശര്‍മ നിര്‍ദേശിച്ചു. ഗാര്‍ഗിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ലെന്നും ജ്യോതി ഗോസ്വാമി ആരോപിച്ചു.
ജുഡീഷ്യൽ
അന്വേഷണവുമായി അസം സര്‍ക്കാര്‍
സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസ് സൗമിത്ര സൈകിയയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഹിന്ത ബിസ്വ ശര്‍മ അറിയിച്ചു.
ഗാര്‍ഗ് സെപ്തംബര്‍ 19നാണ് സിംഗപ്പൂരില്‍ വച്ച് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.പരിപാടിയുടെ സംഘാടകന്‍ ശ്യാംകനു മഹന്ത, സുബീന്‍ ഗാര്‍ഗിന്റെ മാനേജര്‍, രണ്ട് സഹപ്രവര്‍ത്തകര്‍ എന്നിവരെ എസ്ഐടി അറസ്റ്റുചെയ്തിട്ടുണ്ട്. ശ്യാംകനു മഹന്തയുടെ ബിനാമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും ഇഡി, ആദായനികുതി വകുപ്പ് എന്നിവ അന്വേഷിച്ചേക്കും. ഗുവാഹത്തി മെഡിക്കൽ കോളേജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഭാര്യ ഗരിമയ്ക്ക് വ്യാഴാഴ്ച കൈമാറി.









0 comments