Deshabhimani

ശുഭാംശുവും സംഘവും 10ന്‌ മടങ്ങിയെത്തും

Subhanshu
വെബ് ഡെസ്ക്

Published on Jul 06, 2025, 12:23 AM | 1 min read

തിരുവനന്തപുരം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ രണ്ടാഴ്‌ചത്തെ വാസത്തിനുശേഷം വ്യോമസേനാ ഗ്രൂപ്പ്‌ കമാൻഡർ ശുഭാംശു ശുക്ലയും സംഘവും 10ന്‌ മടങ്ങിയെത്തും. കലിഫോർണിയയ്‌ക്ക്‌ സമീപമുള്ള പസഫിക്ക്‌ സമുദ്രത്തിലാകും ഇവരുടെ ഡ്രാഗൺ പേടകം പതിക്കുക. തുടർന്ന്‌ കെന്നഡി സ്‌പേസ്‌ സെന്ററിൽ എത്തിക്കും. കാലാവസ്ഥയും മറ്റും പരിഗണിച്ചാവും തിരിച്ചിറങ്ങുന്ന സമയം നിശ്‌ചയിക്കുക.

നിലയത്തിൽ പത്തുദിവസം പിന്നിട്ട സംഘം പരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലേക്ക്‌ കടന്നു. ശനിയാഴ്‌ച ശുക്ല നിലയത്തിലെ കപ്പോളയിലെത്തി ഭൂമിയുടെ നിരവധി ചിത്രങ്ങളെടുത്തു. നിലയത്തിൽനിന്ന്‌ ഭൂമിയിലേക്ക്‌ തുറക്കുന്ന ഏഴ്‌ ജാലകങ്ങളുള്ള താഴികക്കുടംപോലെയുള്ള ഭാഗമാണ്‌ കപ്പോള.


നിലയത്തിലെ വികിരണം, സൂക്ഷ്‌മ ജീവി സാന്നിധ്യം, പേശികളിലും അസ്ഥികളിലുമുണ്ടാകുന്ന മാറ്റങ്ങൾ, കാഴ്‌ച പ്രശ്‌നം തുടങ്ങിയവ ശുക്ല പഠന വിധേയമാക്കി. സീറോ ഗ്രാവിറ്റിയിൽ, ജലക്കരടികൾ (ടാർഡിഗ്രാഡുകൾ) എന്നു വിളിക്കുന്ന സൂക്ഷ്‌മ ജീവികളുടെ വളർച്ചയും പ്രത്യുൽപ്പാദനവും അതിജീവനവും സംബന്ധിച്ച പഠനവും പൂർത്തീകരിച്ചു. തിങ്കളാഴ്‌ച ആക്സിയം സ്‌പേസ് ചീഫ് സയന്റിസ്‌റ്റ്‌ ലൂസി ലോയുമായി ശുക്ലയും പെഗ്ഗി വിട്‌സൻ, ടിബോർ കാപു, സാവോസ് യു വിസ്‌നിവ്‌സ്‌കി എന്നിവരും സംവദിക്കും. നിലവിലുളളവർക്ക്‌ ഭക്ഷ്യ വസ്‌തുക്കളും മറ്റുമായി ഞായറാഴ്‌ച പ്രോഗ്രസ്‌ 92 പേടകം നിലയത്തിലെത്തും. ശുക്ലയുടെയും സംഘത്തിന്റെയും ദൗത്യം വിജയകരമായി മുന്നേറുന്നുവെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി നാരായണൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home