അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യവുമായി വിദ്യാർഥി സംഘടനകൾ


സ്വന്തം ലേഖകൻ
Published on Jul 06, 2025, 07:16 PM | 1 min read
ന്യൂഡൽഹി: പത്ത് കേന്ദ്ര ട്രേഡ്‌യൂണിയനുകളും അഖിലേന്ത്യാഫെഡറേഷനുകളും ബുധനാഴ്‌ച്ച നടത്തുന്ന അഖിലേന്ത്യാപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ. വൻകിട കോർപറേറ്റുകൾക്ക് അനുകൂലമായ കേന്ദ്രസർക്കാരിന്റെ നാല് തൊഴിൽച്ചട്ടങ്ങൾ റദ്ദാക്കണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് അഖിലേന്ത്യാ പണിമുടക്ക്. തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനത്തിനും യൂണിയനുകൾ ഉണ്ടാക്കാനുമുള്ള അവകാശം നിഷേധിച്ച് തൊഴിൽ സമയം കാര്യമായി വർദ്ധിപ്പിക്കുന്ന വ്യവസ്ഥകളാണ് തൊഴിൽച്ചട്ടങ്ങളിലുള്ളത്.
വിദ്യാഭ്യാസമേഖലയിലും സമാനമായ രീതിയിൽ കോപറേറ്റ് അനുകൂല നയങ്ങൾ നടപ്പാക്കാനാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. വിദ്യാഭ്യാസ മേഖല വാണിജ്യവൽക്കരിക്കാനുള്ള ദേശീയ വിദ്യാഭ്യാസ നയം ഉദാഹരണം. രാജ്യത്തുടനീളം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൊള്ളലാഭമുണ്ടാക്കുന്ന രീതിയിൽ പഠനച്ചെലവ് വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. അതേസമയം, സർക്കാർ സ്‌കൂളുകളും കോളേജുകളും വലിയരീതിയിൽ അടച്ചുപൂട്ടുകയാണ്. ഇതേതുടർന്ന്, ദുർബല വിഭാഗങ്ങളിലെ ആയിരകണക്കിന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു.
രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയെ കോർപറേറ്റുകളുടെ പിടിയിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ട്. ഇതിനുവേണ്ടിയുള്ള ഭാവിപോരാട്ടങ്ങളിൽ വിവിധ മേഖലകളിലെ തൊഴിലാളികളുടെ പിന്തുണയും ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ, അഖിലേന്ത്യാപണിമുടക്കിന് എല്ലാ വിദ്യാർഥികളും പിന്തുണ നൽകണമെന്നും എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, പിഎസ്‌യു, എഐഎസ്‌ബി, എഐഎസ്‌എ സംഘടനകൾ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
0 comments